പൊതുടോയ്‌ലറ്റുകളിൽ സൗജന്യ പാഡുകൾ വയ്ക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകയ്ക്ക് ലഭിച്ചത് 8,000 ത്തിലധികം വധഭീഷണി മെയിലുകൾ. ജപ്പാനിലാണ് സംഭവം. ജപ്പാനിലെ മീ മേഖലയിൽ നിന്നുള്ള പ്രാദേശിക അസംബ്ലി അംഗമായ 27കാരിയായ യോഷിദയ്ക്കാണ് ദുരനുഭവം.
സിറ്റി ഹാളിലെ ടോയ്ലറ്റിൽ സാനിറ്ററി പാഡുകൾ ലഭ്യമാക്കാത്തത് സംബന്ധിച്ച് അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ”അവിചാരിതമായാണ് എനിക്ക് ആർത്തവമുണ്ടാത്. തുടർന്ന് സൂ സിറ്റി ഹാളിലെ ടോയ്ലറ്റിൽ സാനിറ്ററി നാപ്കിനുകൾ ഇല്ലാത്തതിനെ തുടർന്ന് ഞാൻ ആകെ ബുദ്ധിമുട്ടിലായി. ടോയ്ലറ്റ് പേപ്പർ പോലെ സാനിറ്ററി പാഡുകൾ ലഭ്യമാക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെയാണ് വധഭീഷണി മെയിലുകൾ ലഭിച്ചത്.
‘അവളുടെ പ്രായത്തിൽ അടിയന്തിരഘട്ടത്തിൽ വേണ്ടുന്ന സാനിറ്ററി നാപ്കിനുകൾ കൂടെ കൊണ്ടുപോകാൻ അവൾ അറിഞ്ഞിരിക്കണമെന്നായിരുന്നു ആദ്യം എത്തിയ സന്ദേശത്തിലൊന്ന്. പിന്നീട് സന്ദേശങ്ങളുടെ സ്വരം ഭീഷണിയിലേക്ക് വഴിമാറുകയായിരുന്നു. അഭിപ്രായങ്ങൾ തുറന്ന് പ്രകടിപ്പിക്കുന്ന സ്ത്രീകളെ നിശബ്ദരാക്കുന്ന രീതിയാണ് ഇത് എന്നാണ് ആളുകൾ ഈ സംഭവത്തെ കുറിച്ച് പറയുന്നത്.
Discussion about this post