ന്യൂഡൽഹി : 2026 മാർച്ചിനു മുമ്പായി രാജ്യത്തുനിന്നും കമ്മ്യൂണിസ്റ്റ് ഭീകരരെ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോൾ ഇതാ ഈ ലക്ഷ്യം നിറവേറ്റാനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ് സൈന്യം. ഏറെക്കുറെ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെങ്കിലും കൂടുതൽ വേഗതയിൽ ലക്ഷ്യം പൂർത്തീകരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പൂർണ്ണ പിന്തുണ തേടുകയാണ് സൈനികോദ്യോഗസ്ഥർ.
ഛത്തീസ്ഗഡിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ പൂർണ്ണ ഉന്മൂലനത്തിനായി സംസ്ഥാനത്ത് ഒരു ഫീൽഡ് ഫയറിംഗ് റേഞ്ച് സ്ഥാപിക്കണമെന്ന് കേന്ദ്ര റിസർവ് പോലീസ് സേനയുടെ ഗ്രൗണ്ട് കമാൻഡർമാർ ആഭ്യന്തരമന്ത്രാലയത്തിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഫയറിംഗ് പരിശീലനത്തിനായി ഇത്തരം ഒരു കൃത്യമായ സ്ഥലം ഇല്ലാത്തതിനാൽ പലപ്പോഴും കമാൻഡർമാർ പരിശീലനത്തിനായി അയൽ സംസ്ഥാനത്തേക്ക് പോകുകയാണ് ചെയ്യാറുള്ളത്. ഈ കുറവ് കൂടി നികത്തിയാൽ ലക്ഷ്യം എളുപ്പത്തിൽ കൈവരിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്ര റിസർവ് പോലീസ് സേന.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഈ വർഷം മാത്രം ബസ്തർ മേഖലയിലെ സുരക്ഷാ സേന 101 കമ്മ്യൂണിസ്റ്റ് ഭീകരരെ ആണ് കാലപുരിക്ക് അയച്ചത്. മാർച്ച് മാസത്തിലെ 10 ദിവസത്തിനുള്ളിൽ നടന്ന ഏറ്റുമുട്ടലുകളിലാണ് ഇതിൽ 50 ശതമാനവും സംഭവിച്ചത് എന്നുള്ളതും ശ്രദ്ധേയമാണ്. 2010 ൽ ഈ മേഖലയിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണ സംഭവങ്ങൾ 1,936 ആയിരുന്നു. എന്നാൽ 2024 ൽ ഇത് 374 ആയി കുറയ്ക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും സൈന്യത്തിന്റെയും കൃത്യമായ ഇടപെടലുകൾ വഴി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ തന്നെ ഛത്തീസ്ഗഡിലെ കമ്മ്യൂണിസ്റ്റ് ഭീകര ആക്രമണ സംഭവങ്ങൾ 80 ശതമാനത്തോളം കുറഞ്ഞു എന്നുള്ളത് കേന്ദ്രസർക്കാരിനെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്.
Discussion about this post