ന്യൂഡൽഹി : അറബിക്കടലിൽ വച്ച് ഗുരുതര പരിക്കേറ്റ പാകിസ്താൻ മത്സ്യത്തൊഴിലാളിയുടെ ജീവന് രക്ഷയായി ഇന്ത്യൻ നാവികസേന. ഒമാൻ തീരത്ത് വെച്ച് ആയിരുന്നു പാക് സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റിരുന്നത്. വിവരം അറിഞ്ഞ ഉടൻ തന്നെ ഇന്ത്യൻ നാവികസേനയുടെ മുൻനിര യുദ്ധക്കപ്പൽ ഐഎൻഎസ് ത്രികാന്ത് അപകട സ്ഥലത്തേക്ക് എത്തി അടിയന്തര വൈദ്യസഹായം നൽകുകയായിരുന്നു.
ഇറാനിയൻ കപ്പലിൽ ജോലി ചെയ്തിരുന്ന മത്സ്യത്തൊഴിലാളിക്കാണ് അപകടമുണ്ടായത്. സ്റ്റെൽത്ത് ഫ്രിഗേറ്റ്, അൽ ഒമീദി എന്ന ഇറാനിയൻ മത്സ്യബന്ധന കപ്പലിൽ നിന്നുള്ള ഒരു ദുരന്ത സന്ദേശം ലഭിച്ച ഉടൻതന്നെ ഇന്ത്യൻ നാവികസേന ഇവിടേക്ക് കുതിച്ചെത്തുകയായിരുന്നു. എഞ്ചിൻ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടയിലായിരുന്നു പാക് സ്വദേശിയായ യുവാവിന് പരിക്കേറ്റത്.
കടുത്ത രക്തസ്രാവം ഉണ്ടായതോടെ ഇയാളെ ഇറാനിലേക്ക് പോവുകയായിരുന്ന മറ്റൊരു ഇറാനിയൻ മത്സ്യബന്ധന കപ്പലായ എഫ്‌വി അബ്ദുൾ റഹ്മാൻ ഹൻസിയയിലേക്ക് മാറ്റി. അപകടത്തെ കുറിച്ചുള്ള സന്ദേശം ലഭിച്ച ഉടൻ ഐഎൻഎസ് ത്രികാന്തിലെ മെഡിക്കൽ ഓഫീസറും മറൈൻ കമാൻഡോകളും കപ്പലിന്റെ ബോർഡിംഗ് സംഘവും ഈ കപ്പലിന് അടുത്തേക്ക് എത്തി.
മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് പാക് സ്വദേശിക്ക് ഇന്ത്യൻ നാവികസേന ജീവൻ തിരികെ നൽകിയത്. കൂടാതെ, ഇറാനിൽ എത്തുന്നതുവരെ കപ്പലിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ ആൻറിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ളവ നൽകിയാണ് ഇറാനിയൻ കപ്പലിനെ ഇന്ത്യൻ നാവികസേന യാത്രയാക്കിയത്.
Discussion about this post