ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ നൽകുന്നത് താത്ക്കാലികമായി നിർത്തി വച്ച് സൗദി അറേബ്യ. അൾജീരിയ, ബംഗ്ലാദേശ്, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, മൊറോക്കോ, നൈജീരിയ, പാകിസ്ഥാൻ, സുഡാൻ, ടുണീഷ്യ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിസ നൽകുന്നത് നിർത്തിയിരിക്കുന്നത്.
ഉംറ വിസ, ബിസിനസ് വിസ, ഫാമിലി വിസിറ്റ് വിസ എന്നിവയാണ് താത്ക്കാലികമായി നിർത്തിവെച്ചത്. ഏപ്രിൽ 13 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിരോധനം ജൂൺ പകുതി വരെ തുടരുമെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹജ്ജ് തീർത്ഥാടന വേളയിൽ പ്രതീക്ഷിക്കുന്ന വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിസ നിയന്ത്രണം.
ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാനായി ചിലർ വിസ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇന്ത്യയെയും പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമുള്ള നിരവധി യാത്രക്കാർ ഉംറയ്ക്കോ, സന്ദർശന വിസയിലോ രാജ്യത്ത് പ്രവേശിച്ചെന്നും, തുടർന്ന് കൃത്യമായ രജിസ്ട്രേഷൻ നടത്താതെ ഹജ്ജിൽ പങ്കുചേരാൻ കാലാവധി കഴിഞ്ഞും അവിടെ ചെലവഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.സുഗമവും സുരക്ഷിതവുമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനുള്ള ഒരു നടപടി മാത്രമായിട്ടാണ് ഈ നീക്കം ഉദ്ദേശിച്ചിട്ടുള്ളതെന്നും നയതന്ത്ര കാര്യങ്ങളുമായി ഇതിന് ബന്ധമില്ലെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം വിസിറ്റ് വിസയിൽ സൗദിയിൽ എത്തുന്നവർക്ക് ഹജ്ജ് നിർവഹിക്കുന്നതിന് വിലക്കുണ്ടെന്ന് സൗദി ടൂറിസം മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. വിസിറ്റ് വിസ ഉടമകൾ നിയമലംഘനം നടത്തിയാൽ പിഴകൾക്ക് വിധേയരാകേണ്ടിവരും. ഇത് ഒഴിവാക്കാനാണ് അധികൃതർ മുൻകൂട്ടി അറിയിപ്പ് നൽകിയിട്ടുള്ളത്. ഹജ്ജ് ചെയ്യുവാനുള്ള അനുമതിയില്ലാതെ മക്കയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നവർ ആരായാലും പിടികൂടപ്പെട്ടാൽ പിഴശിക്ഷക്കു വിധേയരാകേണ്ടിവരും. സൗദി പൗരന്മാരായാലും ജോബ് വിസയിലുള്ള പ്രവാസികളായാലും സൗദിയിൽ സന്ദർശകരായുള്ളവരായാലും പിഴയടക്കാൻ നിർബന്ധിതരാകും 10,000 റിയാലാണ് പിഴ ചുമത്തുക.
Discussion about this post