ഭക്തിയുടെ ശക്തിയും നൈർമല്യവും വാസ്തുവിദ്യയുടെ അമ്പരപ്പും ഒരുപോലെ ഇഴചേർത്ത് അനേകം ക്ഷേത്രങ്ങളാണ് സംസ്‌കാരത്തിന്റെ ഈറ്റില്ലമായ ഭാരതത്തിൽ വിശ്വാസികൾക്ക് അനുഗ്രഹം ചൊരിഞ്ഞ് നിൽക്കുന്നത്. അതിലൊന്നാണ് തമിഴ്‌നാട്ടിലെ തഞ്ചാവീരിലെ ബൃഹദീശ്വര ക്ഷേത്രം.
തിരുവുടയാർ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നുമെല്ലാം വിശ്വാസികൾ വിളിക്കുന്ന ഈ ക്ഷേത്രം നൂറ്റാണ്ടുകൾക്ക് മുൻപ് അരുൾമൊഴി വർമൻ എന്ന രാജരാജചോഴനാണ് നിർമ്മിച്ചത്. കുഞ്ചരമല്ലൻ രാജരാജപെരുന്തച്ചൻ എന്ന ശില്പിയുടെ നേതൃത്വത്തിൽ എഡി. 985-ൽ തുടങ്ങിയ ക്ഷേത്ര നിർമ്മാണം 1013-ലാണ് പൂർത്തിക്കുവാൻ സാധിച്ചത്.1000 ആനകളെയും 5000 കുതിരകളെയും 1,30,000 പടയാളികളെയും 1.3 ലക്ഷം ടൺ കരിങ്കല്ലുകളും ഉപയോഗിച്ച് വർഷങ്ങൾക്കൊണ്ട് പൂർത്തിയാക്കിയ ക്ഷേത്രമാണ് ഇതെന്ന് ചരിത്രം പറയുന്നു ലോകത്തിനു മുന്നിൽ ചോളരടങ്ങുന്ന ദ്രാവിഡവംശക്കാരുടെ മുൻതലമുറ പടുത്തുയർത്തിയ മഹാവിസ്മയമാണ് ഈ ക്ഷേത്രമെന്ന് പറയാതെ വയ്യ.
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളിൽ ഒന്നാണ് ബൃഹദീശ്വരക്ഷേത്രം. 66 മീറ്റർ അഥവാ 216 അടിയാണ് ക്ഷേത്രഗോപുരത്തിന്റെ ഉയരം വിമാനം എന്നാണ് ക്ഷേത്രഗോപുരത്തെ തമിഴിൽ പറയുന്നത്. ആറ് നിലകളിലായാണ് ഈ ഗോപുരം നിർമ്മിച്ചിട്ടുള്ളത്. എന്നാൽ ഉച്ചസമയത്ത് ഈ ക്ഷേത്രത്തിൻറെ നിഴൽ ഭൂമിയിൽ പതിക്കില്ല. വർഷത്തിൽ ഒരു സമയത്തും നട്ടുച്ചയ്ക്ക് നിഴൽ വീഴാത്ത വിധത്തിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നതത്രേ. 81.28 ടൺ ഭാരമുള്ള ക്ഷേത്രത്തിനു മുകളിലെ മകുടം ഇന്നും ക്ഷേത്ര സന്ദർശകർക്ക് മുന്നിൽ അത്ഭുതമായി നിലകൊള്ളുന്നു.
പൂർണ്ണമായും കരിങ്കല്ലിൽ തീർത്തതാണ് ഈ ക്ഷേത്രം. ആകാശത്തോട് ചേർന്നുയർന്നു നിൽക്കുന്ന ഗോപുരം മുതൽ ലളിതമെന്നു തോന്നിയേക്കാവുന്ന ഒരു ചെറിയ കൊത്തുപണി വരെ കരിങ്കല്ലിലാണ് ഇവിടെ പൂർത്തീകരിച്ചിരിക്കുന്നത്.ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. 13 അടി ഉയരമാണ് ഈ ശിവലിംഗത്തിനുള്ളത്. ശ്രീകോവിലിന്റെ രണ്ട് നിലകളുടെ ഉയരം ഈ പ്രതിഷ്ഠയ്ക്കുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഏകശിലാ ലിംഗ ശിൽപങ്ങളിൽ ഒന്നും കൂടിയാണിത്. കരുവാരൈ എന്നു വിളിക്കുന്ന ഗർഭഗൃഹത്തിലാണ് ഈ ശിവലിംഗ പ്രതിഷ്ഠയുള്ളത്. ഏറ്റവും ഉള്ളിലുള്ള ഈ അറയിൽ പുരോഹിതർക്ക് മാത്രമേ പ്രവേശനമുള്ളൂ.തഞ്ചാവൂർ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത ക്ഷേത്രത്തിനു പുറത്തുള്ള നന്ദി വിഗ്രഹങ്ങളാണ്. പെരുവടയാർ കോവിലിലെ ശ്രീ വിമാനത്തിന്റെ ഗോപുരത്തിന് സമീപം കൂറ്റൻ നന്ദി വിഗ്രഹം കാണാം. ഒറ്റക്കല്ലിൽ കൊത്തിയെടുത്തതാണ് ഈ ഭീമാകാരമായ നന്ദി പ്രതിമ. മുഖമണ്ഡപത്തിന് അഭിമുഖമായി നിൽക്കുന്ന നന്ദി (കാള)ക്ക് ഏകദേശം 25 ടൺ ഭാരമുണ്ട്. ഏകദേശം 2 മീറ്റർ ഉയരവും 6 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമുള്ളതാണ്.ഏകശിലാരൂപത്തിലുള്ള ഏറ്റവും വലിയ നന്ദി കൂടിയാണിത്.
അഞ്ചുനിലകളുള്ള ആദ്യഗോപുരത്തിന് പേര് കേരളാന്തകൻ തിരുവയൽ എന്നാണ്. കേരളത്തിലെ രാജാവായിരുന്ന ഭാസ്‌കരരവിവർമനെ കീഴടക്കിയതിനെ തുടർന്ന് രാജരാജചോളന് കേരളാന്തകൻ എന്ന ബഹുമതി ലഭിച്ചിരുന്നു. ആ വിജയത്തിൻറെ ഓർമയ്ക്കായി ക്ഷേത്രനിർമാണം പൂർത്തിയായി എട്ടുവർഷത്തിനുശേഷം നിർമിച്ചതാണ് ഈ ഗോപുരം. മൂന്നുനിലകളുള്ള രണ്ടാമത്തെ ഗോപുരത്തിന് രാജരാജൻ തിരുവയിൽ എന്നാണ് പേര് നൽകിയിരുന്നത്.
ആദ്യഗോപുരം നിർമിക്കുന്നതിനു മുൻപ് ഇതിൻറെ പണി പൂർത്തിയാക്കിയിരുന്നു. ശിവ-പാർവതി പരിണയം, മാർക്കേണ്ഡയനെ കാലനിൽ നിന്ന് രക്ഷിക്കുന്ന ശിവൻ, മുരുകനും വള്ളിയും ഇങ്ങനെ പുരാണ കഥകളിൽനിന്നുള്ള രംഗങ്ങളാണ് കൂടുതലായി കൊത്തിവെച്ചിരിക്കുന്നത്. ഉൾഭാഗത്ത് ബോധിവൃക്ഷച്ചുവട്ടിലിരിക്കുന്ന ബുദ്ധൻറെയും യുദ്ധത്തിന് പുറപ്പെടുന്ന ഗണപതിയുടെയും രൂപങ്ങൾക്കൊപ്പം ശിവലിംഗം തലയിലേറ്റി നടക്കുന്ന രാജാക്കന്മാരുടെ ശിൽപങ്ങളും കാണാം..ക്ഷേത്രത്തിന്റെ സമുച്ചയത്തിൽ വിവിധ ഭാഗങ്ങളിലായുള്ള രഹസ്യ ഭൂഗർഭ പാതകളും അത്ഭുതമാണ്.ഈ രഹസ്യ തുരങ്കങ്ങൾ രാജരാജ ചോളന്റെ കൊട്ടാരം തുടങ്ങിയ സ്ഥലങ്ങളിലേക്കും സമീപത്തെ മറ്റ് ചരിത്ര സ്ഥലങ്ങളിലേക്കും നയിക്കുന്നു.ചോള രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് നിർമ്മാണ സമയത്ത് രഹസ്യപാതകൾ കൂടി ഉൾപ്പെടുത്തിയത്. രാജാക്കന്മാർ, രാജ്ഞികൾ, മുനിമാർ, സൈനികർ തുടങ്ങിയവരും ഈ നിഗൂഢമായ ഭൂഗർഭ പാതകൾ ഉപയോഗിച്ചിരുന്നു
ചോഴ, നായ്ക്കർ, മറാഠ രാജാക്കന്മാർക്ക് ചിത്രപണികളോടും കരിങ്കൽ കൊത്തുപണികളോടും ഉള്ള താല്പര്യവും കഴിവും ഈ ക്ഷേത്രത്തിൽ പ്രകടമാണ്. പ്രകാരമണ്ഡപത്തിൽ മാർക്കണ്ഡേയപുരാണം, തിരുവിളയാടൽ പുരാണം എന്നിവയുടെ കഥ പറയുന്ന ചുമർചിത്രങ്ങൾ കാണാം. ക്ഷേത്രമതിൽക്കെട്ടിൽ പോലും കൊത്തുപണികൾ കാണാം. നായ്ക്കന്മാരുടെ ജീവചരിതവും ഭരതനാട്യത്തിന്റെ 108 അഭിനയമുദ്രകളും ആലേഖനം ചെയ്തിട്ടുണ്ട്. അധികാരത്തിൽ ഉള്ളവർ ഈ ക്ഷേത്രത്തിൽ എത്തിയാൽ അധികാരം നഷ്ടപ്പെടുമെന്നു പറയപ്പെടുന്നു. ഇത് സംബന്ധിച്ചുള്ള ചില തെളിവുകളും നാട്ടുകാർ പറയുന്നു. കൂടാതെ പ്രണയിക്കുന്നവർ രണ്ടുപേരും അല്ലാതെ ഒരാൾ മാത്രം ഇവിടെ എത്തിയാൽ ആ പ്രണയം തകരുമെന്നും പറയപ്പെടുന്നു.
Discussion about this post