ന്യൂഡൽഹി : ഇന്ത്യൻ ഭരണഘടനയെ കുറിച്ചുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ പരാമർശമാണ് ഇപ്പോൾ രാജ്യത്ത് ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഭരണഘടന എഴുതിയത് 1947ൽ ആണെങ്കിലും അതിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇങ്ങനെ മണ്ടത്തരം വിളമ്പുന്ന ഒരു പ്രതിപക്ഷ നേതാവ് രാജ്യത്തിന് തന്നെ അപമാനം ആണെന്ന് ബിജെപി അഭിപ്രായപ്പെട്ടു.
പട്‌നയിൽ നടന്ന ‘സംവിധാൻ സുരക്ഷാ സമ്മേളനം’ സെമിനാറിനിടെയാണ് ഭരണഘടനയ്ക്ക് 1000 വർഷം പഴക്കമുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. ” എല്ലാവരും പറയുന്നത് ഭരണഘടന 1947ൽ ആണ് എഴുതിയത് എന്നാണ്. എന്നാൽ ഞാൻ അവരോട് പറയും ഇതിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. ബി.ആർ. അംബേദ്കർ, മഹാത്മാഗാന്ധി, ഗുരുനാനാക്, ജവഹർലാൽ നെഹ്‌റു, സന്ത് കബീർ എന്നിവരുടെ ചിന്തകൾ ആണ് ഭരണഘടനയിൽ ഉള്ളത് ” എന്നുമായിരുന്നു രാഹുൽഗാന്ധിയുടെ വിവാദ പരാമർശം.
രാഹുൽ ഗാന്ധിയുടെ ഈ വാക്കുകൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. എല്ലാ സമ്മേളനങ്ങളിലും ഭരണഘടനയും കയ്യിൽ കൊണ്ട് നടക്കുന്ന രാഹുൽഗാന്ധിക്ക് അത് എന്നാണ് എഴുതിയത് എന്ന് പോലും അറിയില്ല എന്ന് ബിജെപി അഭിപ്രായപ്പെട്ടു. ഭരണഘടന 1947ൽ എഴുതി എന്നാണ് രാഹുൽ ഗാന്ധി കരുതിയിരിക്കുന്നത്. ഭരണഘടനാ അസംബ്ലിയുടെ നടപടികൾ മാത്രമാണ് 1947ൽ ആരംഭിച്ചിരുന്നത്. 1949 നവംബർ 26-നാണ് ഭരണഘടനയ്ക്ക് അന്തിമരൂപം നൽകിയത്. അതുകൊണ്ടാണ് നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഈ ദിവസം രാജ്യത്ത് ഭരണഘടന ദിനമായി ആചരിക്കുന്നത്. ഇതുപോലും അറിയാത്ത ഒരാളാണ് പ്രതിപക്ഷ നേതാവ് എന്നുള്ളത് രാജ്യത്തിന് തന്നെ നാണക്കേടാണ് എന്നും ബിജെപി വ്യക്തമാക്കി.
ചരിത്രത്തിൽ ഇതുവരെയും ഒരു പ്രതിപക്ഷ നേതാവും ഇത്തരത്തിലുള്ള വിഡ്ഢിത്തം പുലമ്പിയിട്ടില്ല. രാഹുൽ ഗാന്ധിയുടെ ഇത്തരം അറിവുകൾ കണ്ട് രാജ്യം തന്നെ ഞെട്ടിയിരിക്കുകയാണ്. ഇത്തരം വഴിതെറ്റിയ യുവാക്കൾക്ക് ഭരണഘടനയെ കുറിച്ച് മനസ്സിലാക്കുന്നതിനാണ് പ്രധാനമന്ത്രി രാജ്യത്ത് ഭരണഘടന ദിനം ആചരിക്കാൻ ആരംഭിച്ചത്. ആ തീരുമാനത്തെ പോലും അന്ന് കോൺഗ്രസ് സ്വാഗതം ചെയ്തിരുന്നില്ല. പ്രധാനമന്ത്രിയാകുന്നത് സ്വപ്നം കണ്ടു നടക്കുന്ന ഒരാൾക്ക് ഭരണഘടന എന്നാണ് എഴുതിയത് എന്ന് പോലും അറിയാതിരിക്കുന്നത് ലജ്ജാകരമാണ് എന്നും ബിജെപി കുറ്റപ്പെടുത്തി.
Discussion about this post