കൊൽക്കത്ത : വൈവിധ്യമാർന്ന സംസ്കാരങ്ങളാണ് ഭാരതത്തിന്റെ തനിമ നിലനിർത്തുന്നത്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും വടക്ക് കിഴക്കൻ ഇന്ത്യയിലും എല്ലാം വ്യത്യസ്തമായ സംസ്കാരങ്ങളും വൈവിധ്യമാർന്ന ജീവിത രീതികളും ആചാരങ്ങളും എല്ലാം കാണാൻ കഴിയും. മതങ്ങളിലും ആരാധനാക്രമങ്ങളിലും ഇത്തരം വൈവിധ്യങ്ങൾ പ്രകടമാണ്. ദക്ഷിണേന്ത്യയിൽ നിന്നും ഉത്തരേന്ത്യയിലേക്ക് എത്തുമ്പോൾ ആരാധനാ രീതികൾ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത രീതിയിൽ വ്യത്യസ്തമായി മാറുന്നതായിരിക്കും. ഇത്തരത്തിൽ വളരെ വ്യത്യസ്തമായ ഒരു ക്ഷേത്രത്തെക്കുറിച്ച് അറിയാം.
ന്യൂഡിൽസും ഫ്രൈഡ് റൈസും എല്ലാം പ്രസാദമായി ലഭിക്കുന്ന ഒരു ക്ഷേത്രം. കൊൽക്കത്തയിൽ ആണ് ഈ വ്യത്യസ്തമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളി ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. എന്നാൽ ദക്ഷിണേന്ത്യയിലെ പോലെ ചോറും പായസവും കഴിക്കുന്ന ഭദ്രകാളി അല്ല. ഇവിടുത്തെ ദേവിക്ക് സ്പൈസി ഫുഡിനോട് ആണ് പ്രിയം. ന്യൂഡിൽസ്, ഫ്രൈഡ് റൈസ്, മോമോസ് എന്നിവയെല്ലാമാണ് ഈ ക്ഷേത്രത്തിലെ ദേവിക്ക് പ്രസാദമായി സമർപ്പിക്കുന്നത്.
ഇന്തോ-ചൈനീസ് പൈതൃകം പിന്തുടരുന്നതിനാലാണ് ഈ ക്ഷേത്രത്തിൽ ഇത്തരത്തിലുള്ള വ്യത്യസ്തമായ പ്രസാദങ്ങൾ നൽകിവരുന്നത്. ടാൻഗ്രയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് 60 വർഷത്തെ പഴക്കമാണ് ഉള്ളത്. ചൈനീസ് കാളി മന്ദിർ എന്നും ഈ ക്ഷേത്രം അറിയപ്പെടാറുണ്ട്. ചൈനീസ് ആഭ്യന്തരയുദ്ധകാലത്ത് കൊൽക്കത്തയിൽ അഭയാർത്ഥികളായി എത്തിയ ചൈനക്കാരാണ് ഈ ക്ഷേത്രത്തിൽ കൂടുതലായി ആരാധന നടത്തിയിരുന്നത് എന്നുള്ളതിനാലാണ് ഇത്തരം ഒരു വൈവിധ്യമാർന്ന ആചാരം ഈ ക്ഷേത്രത്തിന് കൈവന്നിട്ടുള്ളത്. ഇന്ന് ഈ വ്യത്യസ്തമായ ആരാധനാരീതികൾ കണ്ടറിയുന്നതിനായി നിരവധി ഭക്തരാണ് ഈ ക്ഷേത്രത്തിൽ എത്തിച്ചേരാറുള്ളത്.
Discussion about this post