ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന വ്യവസായത്തിനും ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്കും വലിയ ഉത്തേജനം നൽകിക്കൊണ്ട്, പ്രമുഖ യൂറോപ്യൻ വിമാന നിർമ്മാതാക്കളായ എയർബസും ഇന്ത്യൻ വാഹന ഭീമനായ മഹീന്ദ്ര ഗ്രൂപ്പും തമ്മിൽ സുപ്രധാന കരാർ ഒപ്പുവച്ചു. എയർബസിൻ്റെ H130 ലൈറ്റ് സിംഗിൾ-എഞ്ചിൻ ഹെലികോപ്റ്ററിൻ്റെ പ്രധാന ഉടൽ ഭാഗം (main fuselage) ഇന്ത്യയിൽ നിർമ്മിക്കുന്നതിനും അസംബിൾ ചെയ്യുന്നതിനുമായി മഹീന്ദ്ര എയ്റോസ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെ (MASPL) എയർബസ് ഹെലികോപ്റ്റേഴ്സ് തിരഞ്ഞെടുത്തു.
കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ. കിഞ്ചരപു രാംമോഹൻ നായിഡു, വ്യോമയാന മന്ത്രാലയം സെക്രട്ടറി ശ്രീ. വുംലുൻമാങ് വുവൽനാം, എയർബസ് ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ റെമി മെയ്യാർ, മഹീന്ദ്ര ഗ്രൂപ്പ് സിഇഒയും എംഡിയുമായ ഡോ. അനീഷ് ഷാ എന്നിവരുടെ സാന്നിധ്യത്തിൽ 2025 ഏപ്രിൽ 9-ന് ന്യൂഡൽഹിയിൽ വെച്ചാണ് കരാർ ഒപ്പുവെച്ചത്. ഇന്ത്യൻ നിർമ്മാണ വൈദഗ്ധ്യത്തിനും ഗുണമേന്മയ്ക്കുമുള്ള ആഗോള അംഗീകാരമായാണ് ഈ സുപ്രധാന കരാർ വിലയിരുത്തപ്പെടുന്നത്.
കരാർ വിശദാംശങ്ങൾ
ഈ കരാർ പ്രകാരം, മഹീന്ദ്രയുടെ ബെംഗളൂരുവിലെ പ്ലാന്റിൽ H130 ഹെലികോപ്റ്ററിൻ്റെ പ്രധാന ഫ്യൂസിലേജ് നിർമ്മിക്കുകയും അസംബിൾ ചെയ്യുകയും ചെയ്യും. പിന്നീട് ഈ ഭാഗങ്ങൾ എയർബസ് ഹെലികോപ്റ്റേഴ്സിൻ്റെ യൂറോപ്പിലെ അന്തിമ അസംബ്ലി ലൈനിലേക്ക് കയറ്റി അയക്കും. ഇതിനായുള്ള വ്യാവസായിക തയ്യാറെടുപ്പുകൾ ഉടൻ ആരംഭിക്കും. ആദ്യത്തെ ഫ്യൂസിലേജ് അസംബ്ലി 2027 മാർച്ചോടെ കൈമാറാനാണ് ലക്ഷ്യമിടുന്നത്.
‘മേക്ക് ഇൻ ഇന്ത്യ’ക്ക് മുതൽക്കൂട്ട്
ഇന്ത്യൻ വ്യാവസായിക രംഗത്തിൻ്റെ അനുദിനം വർധിച്ചു വരുന്ന മികവിനും ലോകോത്തര നിലവാരത്തിനും മത്സരശേഷിക്കുമുള്ള എയർബസിൻ്റെ അംഗീകാരമായാണ് ഈ കരാറിനെ കണാക്കാക്കുന്നതെന്ന് എയർബസ് ദക്ഷിണേഷ്യയുടെ പ്രസിഡന്റും എംഡിയുമായ റെമി മെയ്യാർ പറഞ്ഞു. ഇന്ത്യൻ കമ്പനികളുടെ കഴിവിലുള്ള ഈ വിശ്വാസമാണ് ഇത്രയും സങ്കീർണ്ണമായ ഒരു നിർമ്മാണ ദൗത്യം ഇന്ത്യയെ ഏൽപ്പിക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹീന്ദ്രയുടെ തെളിയിക്കപ്പെട്ട വ്യാവസായിക മികവും, ആഗോള നിലവാരത്തിലുള്ള നിർമ്മാണ പ്രക്രിയകളും ഈ കരാർ ലഭിക്കാൻ സഹായകമായി. മഹീന്ദ്രയ്ക്ക് ‘മേക്ക് ഇൻ ഇന്ത്യ’ ദൗത്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ലോകത്തിലെ ഏറ്റവും വലിയ വിമാന നിർമ്മാതാക്കളിലൊരാളായ എയർബസുമായുള്ള ഈ സുപ്രധാന പങ്കാളിത്തത്തിന് പിന്നിൽ. ഈ നേട്ടം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ് എന്നാണ് മഹീന്ദ്ര ഗ്രൂപ്പ് സിഇഒയും എംഡിയുമായ ഡോ. അനീഷ് ഷാ പറഞ്ഞത്
മഹീന്ദ്രയും എയർബസും
മഹീന്ദ്ര എയ്റോസ്ട്രക്ചേഴ്സ് നിലവിൽ തന്നെ എയർബസിൻ്റെ യാത്രാവിമാനങ്ങൾക്കായി വിവിധ ഭാഗങ്ങളും ഉപ-അസംബ്ലികളും നിർമ്മിച്ച് നൽകുന്നുണ്ട്. എന്നാൽ, ഹെലികോപ്റ്ററിൻ്റെസുപ്രധാനമായ ഈ ഭാഗം ആദ്യമായാണ് നിർമ്മിക്കാൻ ഒരു ഇന്ത്യൻ കമ്പനിക്ക് എയർബസ് പോലെയുള്ള ഒരു കമ്പനിയിൽ നിന്ന് കരാർ ലഭിക്കുന്നത്.
എയർബസിനെ സംബന്ധിച്ചിടത്തോളം, ഇന്ത്യ ഒരു പ്രധാന വിപണിയും തന്ത്രപ്രധാനമായ വിഭവ കേന്ദ്രവുമാണ്. നിലവിൽ പ്രതിവർഷം 1.4 ബില്യൺ ഡോളറിൻ്റെ യന്ത്രഭാഗങ്ങളും സേവനങ്ങളുമാണ് എയർബസ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. എയർബസിൻ്റെ എല്ലാ യാത്രാവിമാനങ്ങളിലും ഇന്ത്യയിൽ നിർമ്മിച്ച ഏതെങ്കിലും ഘടകങ്ങളോ സാങ്കേതികവിദ്യയോ ഉപയോഗിക്കുന്നുണ്ട്. ഇതിനുപുറമെ, C295 സൈനിക ഗതാഗത വിമാനത്തിൻ്റെയും H124 ഹെലികോപ്റ്ററിൻ്റെയും അസംബ്ലി ലൈനുകളും എയർബസ് ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്.
H130 ഹെലികോപ്റ്റർ
യാത്രക്കാർക്കുള്ള ഗതാഗതം, ടൂറിസം, സ്വകാര്യ-ബിസിനസ്സ് ആവശ്യങ്ങൾ, മെഡിക്കൽ ആവശ്യങ്ങൾക്കുള്ള എയർലിഫ്റ്റ്, നിരീക്ഷണം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു ഇടത്തരം സിംഗിൾ-എഞ്ചിൻ ഹെലികോപ്റ്ററാണ് H130. പൈലറ്റിന് പുറമെ ഏഴ് യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ ക്യാബിനും വലിയ വിൻഡ്ഷീൽഡും ജനലുകളും ഉള്ളാ ഈ ഹെലികോപ്റ്റർ എല്ലാ വികസിത രാജ്യങ്ങളിലും വിറ്റഴിക്കുന്നുണ്ട്. അത്യാധുനിക സാങ്കേതികവിദ്യയും കുറഞ്ഞ ശബ്ദവുമാണ് ഇതിൻ്റെ മറ്റ് പ്രത്യേകതകൾ. ഏകദേശം 237 കി.മീ/മണിക്കൂർ വേഗതയും 600 കിലോമീറ്ററിലധികം സഞ്ചാര പരിധിയും ഈ ഹെലികോപ്റ്ററിനുണ്ട്.
ടൂറിസം മുതൽ അടിയന്തര മെഡിക്കൽ സേവനങ്ങൾ വരെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന H130 പോലൊരു ആധുനിക ഹെലികോപ്റ്ററിന്റെ ഹൃദയഭാഗം ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന പേരിൽ ലോകമെമ്പാടും പറന്നുയരും. മഹീന്ദ്രയും എയർബസും ആയുള്ള ഈ കരാർ ഇന്ത്യയെ ഒരു ആഗോള വ്യോമയാന നിർമ്മാണ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്ന് വിലയിരുത്തപ്പെടുന്നു.
Discussion about this post