ചെന്നൈ : കെ അണ്ണാമലൈ സ്ഥാനമൊഴിഞ്ഞ തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു മുൻ മന്ത്രി എത്തുകയാണ്. നിലവിൽ തിരുനെൽവേലി എംഎൽഎ ആയ നൈനാർ നാഗേന്ദ്രൻ ആണ് തമിഴ്നാട് ബിജെപിയുടെ പുതിയ അധ്യക്ഷൻ. അണ്ണാമലൈ തന്നെയാണ് നാഗേന്ദ്രന്റെ പേര് അധ്യക്ഷസ്ഥാനത്തേക്ക് നിർദേശിച്ചത്. ജയലളിത , പനീർശെൽവം മന്ത്രിസഭകളിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് നൈനാർ നാഗേന്ദ്രൻ.
ഏപ്രിൽ 11 വെള്ളിയാഴ്ച പാർട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നൈനാർ നാഗേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കേന്ദ്ര സംസ്ഥാന നേതാക്കളുടെ അംഗീകാരം അദ്ദേഹത്തിനുണ്ട്. എങ്കിൽ കൂടി ഔദ്യോഗിക പ്രഖ്യാപനം നാളെ ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ തമിഴ്നാട് ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും നിയമസഭയിലെ ബിജെപിയുടെ കക്ഷി നേതാവുമാണ് നൈനാർ നാഗേന്ദ്രൻ.
നിലവിലെ പാർട്ടി മേധാവി കെ അണ്ണാമലൈ, കേന്ദ്രമന്ത്രി എൽ മുരുകൻ, മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, പാർട്ടി നിയമസഭാംഗവും മഹിളാ മോർച്ച പ്രസിഡന്റുമായ വനതി ശ്രീനിവാസൻ എന്നിവർ ചേർന്നാണ് നാഗേന്ദ്രന്റെ പേര് നിർദ്ദേശിച്ചതെന്ന് ബിജെപി വ്യക്തമാക്കി. നിരവധി വർഷങ്ങൾ എ.ഐ.എ.ഡി.എം.കെയിൽ പ്രവർത്തിച്ചശേഷം 2017ലാണ് അദ്ദേഹം പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നിരുന്നത്.
2001 മുതൽ 2006 വരെയുള്ള എ.ഐ.എ.ഡി.എം.കെ സർക്കാരിന്റെ കാലത്ത് വൈദ്യുതി, വ്യവസായം, ഗതാഗതം എന്നീ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു നൈനാർ നാഗേന്ദ്രൻ. ജയലളിതയുടെ മരണത്തോടെ പാർട്ടിയിൽ ഉണ്ടായിരുന്ന അനിശ്ചിതത്വങ്ങളും തർക്കങ്ങളും ആഭ്യന്തര കലഹങ്ങളും മൂലമാണ് അദ്ദേഹം പാർട്ടി വിട്ടു ബിജെപിയിൽ ചേർന്നത്. എ.ഐ.എ.ഡി.എം.കെ വിട്ട ശേഷം 2021-ൽ, ബിജെപി സ്ഥാനാർത്ഥിയായി തിരുനെൽവേലി നിയോജകമണ്ഡലത്തിൽ നിന്ന് തമിഴ്‌നാട് സംസ്ഥാന നിയമസഭയിലേക്ക് മൂന്നാം തവണയും നാഗേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു.
Discussion about this post