ശ്രീനഗർ : മറ്റൊരു വിഘടനവാദ സംഘടന കൂടി ഹുറിയത്ത് കോൺഫറൻസുമായുള്ള ബന്ധം വിച്ഛേദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ജമ്മു കശ്മീർ മാസ് മൂവ്മെന്റ് എന്ന സംഘടനയാണ് വിഘടനവാദം അവസാനിപ്പിച്ച് ഭാരതത്തിന്റെ ദേശീയതയിലേക്ക് കടന്നുവന്നിരിക്കുന്നത്. ഇതോടെ ഹുറിയത്തുമായുള്ള ബന്ധം ഉപേക്ഷിച്ച് വിഘടനവാദം അവസാനിപ്പിച്ച കശ്മീരിലെ സംഘടനകളുടെ എണ്ണം 12 ആയി.
പ്രധാനമന്ത്രി മോദിയുടെ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ ദർശനമാണ് ഭാരതത്തിന്റെ ഈ പുതിയ അഖണ്ഡതയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത് എന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ജമ്മു കശ്മീരിലെ 12 ഹുറിയത്ത് ബന്ധമുള്ള സംഘടനകൾ വിഘടന വാദം ഉപേക്ഷിച്ചത് അഭിമാനകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഹുറിയത്ത് കോൺഫറൻസിന്റെ കീഴിൽ ജമ്മു കശ്മീരിൽ വിഘടന വാദം പ്രോത്സാഹിപ്പിക്കുന്ന ശൃംഖലകൾക്കെതിരായ തെളിവുകൾ ശേഖരിക്കുന്നതിനായി ജമ്മു കശ്മീർ പോലീസ് സമീപ ആഴ്ചകളിൽ താഴ്‌വരയിലുടനീളം നിരവധി റെയ്ഡുകൾ നടത്തിയിരുന്നു. ഈ മാസം ആദ്യം ജമ്മു കശ്മീർ ഇസ്ലാമിക് പൊളിറ്റിക്കൽ പാർട്ടി, ജമ്മു കശ്മീർ മുസ്ലീം ഡെമോക്രാറ്റിക് ലീഗ്, കശ്മീർ ഫ്രീഡം ഫ്രണ്ട് എന്നിവ ഹുറിയത്ത് കോൺഫറൻസിൽ നിന്ന് വേർപിരിഞ്ഞതായി പ്രഖ്യാപിച്ചിരുന്നു. വിഘടന വാദം അവസാനിപ്പിക്കുന്നതിനുള്ള ഈ സംഘടനകളുടെ നീക്കം കേന്ദ്രസർക്കാരിന്റെ കശ്മീരിലെ നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ ഉറപ്പാക്കുകയാണ് ചെയ്യുന്നത്.
Discussion about this post