ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണ കേരളത്തിലെത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുന്നു. റാണയുടെ ദക്ഷിണേന്ത്യൻ ബന്ധത്തെ കുറിച്ചും കേരളത്തിലെത്തിയത് സംബന്ധിച്ചും അന്വേഷണസംഘം കൃത്യമായി അന്വേഷിക്കുന്നുണ്ട്. എൻഐയ്ക്ക് പുറമെ ഐബിയും ചോദ്യം ചെയ്യുന്നുണ്ട്.
2008 നവംബർ 16-നാണ് തഹാവൂർ റാണ കേരളത്തിലെത്തിയത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭാര്യയ്ക്കൊപ്പമായിരുന്നു ഇയാളുടെ താമസം. കൊച്ചിയിൽ താമസിച്ചവേളയിൽ 13 ഫോൺനമ്പറുകളിലാണ് റാണ ബന്ധപ്പെട്ടിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് നേരത്തേ അന്വേഷണം നടത്തിയിരുന്നെങ്കിലും ആ നമ്പറുകളെക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭ്യമായിരുന്നില്ല. നിലവിൽ റാണ കസ്റ്റഡിയിലുള്ളതിനാൽ ഈ നമ്പറുകളെക്കുറിച്ചും കേരളത്തിലെ സന്ദർശനത്തെക്കുറിച്ചും ചോദ്യംചെയ്യാനും വിശദമായ അന്വേഷണം നടത്താനുമാണ് ഉദ്യോഗസ്ഥർ തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിൽനിന്ന് യുവാക്കളെ ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയിലേക്ക് റിക്രൂട്ട് ചെയ്ത കേസിലെ മുഖ്യപ്രതി കെ.പി.സാബിറിനെ രാജ്യം വിടാൻ സഹായിച്ചതിൽ തഹാവൂർ റാണയുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. റാണ കൊച്ചിയിൽ താമസിച്ചതിന്റെ അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് കശ്മീർ റിക്രൂട്ട്മെന്റ് കേസിലെ മുഖ്യപ്രതിയായ കെ.പി. സാബിർ രാജ്യം വിടുന്നത്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് മുംബൈ വിമാനത്താവളം വഴി സാബിർ രാജ്യം വിട്ടത്. ഇതിൽ റാണയുടെ പങ്കിനെ സംബന്ധിച്ചാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഭീകരർക്ക് രക്ഷപ്പെടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ 2008 നവംബറിൽ ഇവർ ദുബായിൽ യോഗം ചേർന്നിരുന്നു. ഇതിനുപിന്നാലെയാണ് റാണ കൊച്ചിയിൽ എത്തുന്നത്.
Discussion about this post