കൊൽക്കത്ത:പശ്ചിമബംഗാളിൽ മുർഷിദാബാദിൽ വഖഫ് നിയമ ഭേദഗതിക്കെതിരായുള്ള പ്രതിഷേധം എല്ലാ പരിധികളും ലംഘിച്ച്.നിംതിറ്റ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനിന് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. റെയിൽവേ സ്റ്റേഷൻ സ്വത്തുക്കളും നശിപ്പിച്ചു. അക്രമത്തിൽ പത്തോളം പൊലീസുകാർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കുകയും അഞ്ച് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.
ഗവർണർ സിവി ആനന്ദ ബോസ് പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകുകയും അംതല, സുതി, ധൂലിയാൻ, മുർഷിദാബാദ്, നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലെ പ്രശ്‌നബാധിത പ്രദേശങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
വഖഫ് നിയമം തന്റെ സർക്കാർ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറഞ്ഞ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മുർഷിദാബാദ് ജില്ലയിലെ അക്രമബാധിത പ്രദേശങ്ങളിലേക്ക് എത്തി സമാധാനത്തിനായി അഭ്യർത്ഥിച്ചു. ഈ വിഷയത്തിൽ ഞങ്ങളുടെ നിലപാട് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങൾ ഈ നിയമത്തെ പിന്തുണയ്ക്കുന്നില്ല. ഈ നിയമം ഞങ്ങളുടെ സംസ്ഥാനത്ത് നടപ്പിലാക്കില്ല. അപ്പോൾ കലാപം എന്തിനാണെന്ന് മമത എക്‌സിൽ കുറിച്ചു.
എല്ലാ മതങ്ങളിലുമുള്ള എല്ലാ ആളുകളോടും എന്റെ ആത്മാർത്ഥമായ അഭ്യർത്ഥന, ദയവായി ശാന്തത പാലിക്കുക, സംയമനം പാലിക്കുക. മതത്തിന്റെ പേരിൽ ഒരു അനീതിപരമായ പെരുമാറ്റത്തിലും ഏർപ്പെടരുത്. ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്. രാഷ്ട്രീയത്തിന് വേണ്ടി കലാപങ്ങൾക്ക് പ്രേരിപ്പിക്കരുത്. കലാപത്തിന് പ്രേരിപ്പിക്കുന്നവർ സമൂഹത്തിന് ദോഷം ചെയ്യുകയാണ്,’ അവർ കൂട്ടിച്ചേർത്തു.
Discussion about this post