എറണാകുളം : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവ് ആണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിനി തുളസിയെ കസ്റ്റംസ് അറസ്റ്റു ചെയ്തു.
തായ്‌ലൻഡിൽ നിന്നും കൊച്ചിയിലെത്തിയ യുവതിയാണ് ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിൽ ആയത്. ബാങ്കോക്കില്‍ നിന്നുള്ള വിമാനത്തിൽ വന്നിറങ്ങിയ യുവതിയെ കസ്റ്റംസ് അധികൃതർ പരിശോധിച്ചപ്പോൾ ലഹരി വസ്തുക്കൾ കണ്ടെത്തുകയായിരുന്നു. വിപണിയിൽ 35 ലക്ഷത്തിലേറെ രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് യുവതിയിൽ നിന്നും പിടികൂടിയത്.
തായ് എയർലൈൻസ് വിമാനത്തിൽ ആയിരുന്നു തുളസി കൊച്ചിയിൽ എത്തിയിരുന്നത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന നടത്തിയത്. കൊച്ചി വിമാനത്താവളം വഴിയുള്ള ഹൈബ്രിഡ് കഞ്ചാവ് കടത്ത് ഈയിടെയായി വർദ്ധിച്ചുവരികയാണ്. ഈ മാസം ഇത് ആറാം തവണയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. തായ്‌ലൻഡിൽ നിന്നുമാണ് ഈ ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്.
Discussion about this post