രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ച് താൻ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും അതിന് കാരണക്കാരൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നിൽ എന്തെങ്കിലും കണ്ടിരിക്കാം അതുകൊണ്ടാണ് അദ്ദേഹം തന്നെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. ഗുജറാത്തിലെ ആനന്ദിലെ ചരോതർ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികളോട് സംവദിക്കവെയാണ് ജയശങ്കർ ഈ പരാമർശങ്ങൾ നടത്തിയത്.
“രാഷ്ട്രീയത്തിൽ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പ്രധാനമന്ത്രി മോദി കാരണമാണ് ഞാൻ രാഷ്ട്രീയത്തിലായത്, ഒരുപക്ഷേ അദ്ദേഹം എന്നിൽ എന്തെങ്കിലും കണ്ടിരിക്കാം,” ഗുജറാത്തുമായുള്ള ബന്ധത്തെ താൻ വിലമതിക്കുന്നുവെന്ന് ജയശങ്കർ പറഞ്ഞു.
മഹത്തായ സർവകലാശാലകളില്ലാതെ ഒരു രാജ്യത്തിന് ശക്തമായ രാഷ്ട്രമായി മാറാൻ കഴിയില്ല. ഭാരതം പുരോഗമിക്കുകയാണെങ്കിൽ, അവിടുത്തെ സർവകലാശാലകളും ആ വളർച്ചയെ പ്രതിഫലിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു., ജി-20 സമ്പദ്‌വ്യവസ്ഥകളുടെ വെർച്വൽ ഉച്ചകോടിയിൽ ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ചും ജയ്ശങ്കർ അനുഭവങ്ങൾ പങ്കുവെച്ചു.
കോവിഡ്-19 കാലത്ത് ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തെക്കുറിച്ച് ജനങ്ങൾ ആശങ്കാകുലരായിരുന്നു, എന്നാൽ പ്രധാനമന്ത്രി മോദി രാജ്യത്തിനുവേണ്ടി ഉറച്ചുനിന്നു. മ്യാൻമറിൽ അടുത്തിടെ ഭൂകമ്പമുണ്ടായപ്പോൾ അന്നുതന്നെ ഇന്ത്യയുടെ ദുരന്ത നിവാരണ സംഘം അവിടെ എത്തി. ഇന്ത്യയെ ഒരു നല്ല അയൽക്കാരനായും മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന രാജ്യമായും ലോകരാജ്യങ്ങൾ കണക്കാക്കുന്നുവെന്ന് ജയശങ്കർ സൂചിപ്പിച്ചു. രാജ്യത്തിന്റെ വികസനത്തിലും മറ്റ് ലോകരാജ്യങ്ങളുമായുള്ള നമ്മുടെ ഇടപെടലിലും വിദ്യാർത്ഥികളുടെ താൽപ്പര്യവും ജിജ്ഞാസയും കാണുന്നതിൽ സന്തോഷമുണ്ടെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post