മുംബൈ : ബാങ്കോക്ക് സന്ദർശിച്ചത് കുടുംബം അറിയാതിരിക്കാൻ പാസ്പോർട്ട് കീറിയ ആൾ അറസ്റ്റിൽ. പൂനെ സ്വദേശി വിക്രം ബലറാവുവാണ് അറസ്റ്റിലായത്. ഇന്തോനേഷ്യയിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ് ഉണ്ടായത്. വിമാനത്താവളത്തിൽ വെച്ച് പാസ്പോർട്ട് പരിശോധിച്ചപ്പോൾ പേജുകൾ കീറിയ നിലയിലായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്.
പാസ്പോർട്ട് നിയമത്തിലെ വകുപ്പ് അനുസരിച്ച് അറിഞ്ഞുകൊണ്ട് പാസ്പോർട്ടിലെ പേജുകൾ കീറുന്നത് കുറ്റകരമാണ്. ഭാരതീയ ന്യായസംഹിതയിലെ 318 (4) വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. തായ്‌ലൻഡിൽ പോയതിന്റെ ഇമിഗ്രേഷൻ സ്റ്റാമ്പ് പതിച്ചിരുന്ന നാല് പേജുകളാണ് ഇയാൾ കീറിക്കളഞ്ഞത്.
ചോദ്യം ചെയ്യലിൽ ആദ്യം ഇയാൾ കാരണം വ്യക്തമാക്കിയില്ലെന്ന് പോലീസ് പറയുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് രസകരമായ വിവരം പുറത്തായത്. തായ്‌ലൻഡിൽ പോയത് ഭാര്യ അറിഞ്ഞാൽ വലിയ പ്രശ്നമുണ്ടാകുമെന്നും അതുകൊണ്ടാണ് പേജുകൾ കീറിക്കളഞ്ഞതെന്നും ഇയാൾ പോലീസിനോട് പറയുകയായിരുന്നു.
വാർത്ത പുറത്തുവന്നതോടെ സാമൂഹ്യമാദ്ധ്യമങ്ങളിൽ രസകരമായ കമന്റുകളും വന്നു. പാസ്പോർട്ട് നഷ്ടമായെന്ന് പറഞ്ഞ് പുതിയ പാസ്പോർട്ടിന് അപേക്ഷിച്ചാൽ പോരായിരുന്നോ എന്നാണ് കമന്റുകളിൽ ഉയരുന്ന ചോദ്യം. ഇടയ്ക്കിടെ ബാങ്കോക്കിനു പോകുന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെപ്പറ്റിയും കമന്റുകളിൽ പരാമർശങ്ങളുണ്ട്.
Discussion about this post