കഴിഞ്ഞ ഏതാനും മാസങ്ങളായി ചില പ്രതിസന്ധികളിലൂടെ കടന്നുപോകുകയായിരുന്നുവെന്നും, വ്യക്തിപരമായ സന്തോഷങ്ങളൊന്നും ആഘോഷിക്കാൻ കഴിഞ്ഞില്ലെന്നും ആരാധകരോട് വ്യക്തമാക്കുകയാണ് നസ്രിയ നസീം. ഫോൺകോളുകൾക്കും സന്ദേശങ്ങൾക്കും ഒന്നും മറുപടി അയക്കാൻ സാധിച്ചിട്ടില്ല, ഇതിനെല്ലാം ക്ഷമചോദിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
നസ്രിയ നസീമിന്റെ കുറിപ്പ്
‘കഴിഞ്ഞ ഏതാനും മാസങ്ങളായി വൈകാരികമായി സുസ്ഥിതിയിൽ ആയിരുന്നില്ല. വ്യക്തിപരമായ പ്രതിസന്ധികളും നേരിട്ടിരുന്നു. എന്റെ 30ാം പിറന്നാളും പുതുവർഷവും എന്റെ സിനിമ സൂക്ഷ്മദർശിനിയുടെ വിജയവും മറ്റനേകം നിമിഷങ്ങളും ആഘോഷിക്കാൻ എനിക്ക് സാധിച്ചില്ല. എന്തുകൊണ്ട് ഞാൻ മിസ്സിംഗ് ആയെന്നും എന്തുകൊണ്ട് നിങ്ങളുടെ ഫോൺ കോളുകൾ ഞാൻ എടുത്തില്ലെന്നും മെസേജുകൾക്ക് മറുപടി അയച്ചില്ലെന്നും ഉള്ളതിന്റെ കാരണം വിശദീകരിക്കാതിരുന്നതിന് എന്റെ എല്ലാ സുഹൃത്തുക്കളോടും ഞാൻ ക്ഷമ ചോദിക്കുന്നു. ജോലിസംബന്ധമായ കാര്യങ്ങൾക്കായി എന്നെ ബന്ധപ്പെടാൻ ശ്രമിച്ച സഹപ്രവർത്തകരോടും ഞാൻ ക്ഷമ ചോദിക്കുന്നു.ഇനി പോസിറ്റീവ് ആയ കാര്യം പറയാം. കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ഇന്നലെ എനിക്ക് ലഭിച്ചു. ഈ അംഗീകാരത്തിന് വലിയ നന്ദി അറിയിക്കുന്നു. ദുഷ്‌കരമായ ഒരു യാത്രയായിരുന്നു ഇത്. എന്നാൽ ഓരോ ദിവസവും കൂടുതൽ നല്ലതായിക്കൊണ്ടിരിക്കുകയാണ് കാര്യങ്ങൾ. പൂർണ്ണമായ തിരിച്ചുവരവിന് എനിക്ക് അൽപം സമയം കൂടി വേണ്ടിവന്നേക്കും. എന്നാൽ വീണ്ടെടുക്കലിന്റെ പാതയിലാണ് ഞാൻ എന്നത് ഉറപ്പ് നൽകുന്നു. ഇത്തരത്തിൽ അപ്രത്യക്ഷയായി പോയതിന് എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും ഒരു വിശദീകരണം കൊടുക്കേണ്ടതുണ്ടെന്ന് തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ്. എല്ലാവരോടും സ്‌നേഹം. പരിധികളില്ലാത്ത പിന്തുണയ്ക്ക് നന്ദി’, നസ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒട്ടേറെ പേരാണ് പിന്തുണയുമായി കമന്റ് ബോക്സിൽ എത്തുന്നത്.
Discussion about this post