വഡോദരയിൽ ന്യൂസിലൻഡിനെതിരെ നടന്ന ആദ്യ ഏകദിനത്തിൽ വിരാട് കോഹ്‌ലി നടത്തിയ ഐതിഹാസിക പ്രകടനത്തെയും റെക്കോർഡ് വേട്ടയെയും പ്രശംസിച്ച് സഹതാരം ശ്രേയസ് അയ്യർ. ന്യൂസിലൻഡിനെതിരെ ഇന്ത്യ 4 വിക്കറ്റ് വിജയം നേടിയ മത്സരത്തിൽ കോഹ്‌ലിക്കൊപ്പം നിർണ്ണായകമായ കൂട്ടുകെട്ടുണ്ടാക്കാൻ അയ്യർക്ക് സാധിച്ചിരുന്നു.
ബിസിസിഐ പങ്കുവെച്ച വീഡിയോയിലാണ് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസത്തെക്കുറിച്ച് ശ്രേയസ് അയ്യർ തന്റെ ആദരവ് പ്രകടിപ്പിച്ചത്. മത്സരത്തിൽ 91 പന്തിൽ 93 റൺസെടുത്ത കോഹ്‌ലി, സച്ചിൻ ടെണ്ടുൽക്കറുടെയും കുമാർ സംഗക്കാരയുടെയും റെക്കോർഡുകൾ മറികടന്നിരുന്നു. “വിരാട് ഭായിയുടെ ഇന്നിംഗ്‌സിനെക്കുറിച്ച് നമ്മൾ എന്ത് പറഞ്ഞാലും അത് കുറഞ്ഞുപോകും. വർഷങ്ങളായി അദ്ദേഹം ഇത് തന്നെ ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങേയറ്റം സ്ഥിരതയോടെയാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്,” അയ്യർ പറഞ്ഞു.
“സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്ന രീതിയായാലും ബൗളർമാരെ നേരിടുന്ന രീതിയായാലും അദ്ദേഹം പറയുന്നത് കൃത്യമായി പ്രവർത്തിച്ച് കാണിക്കുന്ന വ്യക്തിയാണ്.” അയ്യർ പറഞ്ഞു നിർത്തി. പരിക്കുപറ്റി കുറച്ചുനാൾ പുറത്തായിരുന്ന അയ്യർ ഈ മത്സരത്തിലൂടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. 47 പന്തിൽ 49 റൺസെടുത്ത അയ്യർ, കോഹ്‌ലിക്കൊപ്പം മൂന്നാം വിക്കറ്റിൽ 77 റൺസ് കൂട്ടിച്ചേർത്തു.
തന്റെ മനോഹര യാത്രയിൽ വെറും 624 ഇന്നിംഗ്‌സുകളിൽ നിന്ന് 28,000 അന്താരാഷ്ട്ര റൺസ് തികച്ചു. സച്ചിനെക്കാൾ (644 ഇന്നിംഗ്‌സ്) 20 ഇന്നിംഗ്‌സുകൾ വേഗത്തിലാണ് കോഹ്‌ലി ഈ നേട്ടത്തിലെത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ കുമാർ സംഗക്കാരയെ മറികടന്ന് കോഹ്‌ലി സച്ചിന് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തെത്തി.













Discussion about this post