മോസ്‌കോ : താലിബാനെ തീവ്രവാദ സംഘടനയായി കണക്കാക്കാൻ ആവില്ലെന്ന് റഷ്യൻ സുപ്രീംകോടതി. റഷ്യയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഭീകര സംഘടനകളുടെ പേരിൽ നിന്നും താലിബാനെ റഷ്യൻ സുപ്രീംകോടതി നീക്കം ചെയ്തു. അഫ്ഗാനിസ്ഥാനുമായി സൗഹൃദം സ്ഥാപിക്കുന്ന റഷ്യൻ ഭരണകൂടത്തിന്റെ നീക്കങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.
2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പിൻവാങ്ങിയ നടപടിയെ പരാജയം എന്നായിരുന്നു റഷ്യ വിശേഷിപ്പിച്ചിരുന്നത്. താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ തന്നെ റഷ്യയുമായുള്ള സൗഹൃദബന്ധത്തിന് നീക്കം നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ താലിബാൻ ഭരണകൂടത്തിലെ നിരവധി പ്രമുഖർ റഷ്യ സന്ദർശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇപ്പോൾ ഭീകര സംഘടനകളുടെ പട്ടികയിൽ നിന്നും താലിബാന്റെ പേര് റഷ്യൻ സുപ്രീം കോടതി നീക്കം ചെയ്തിരിക്കുന്നത്.
തീവ്രവാദത്തിനെതിരെ പോരാടുന്നതിൽ ഒരു സാധ്യതയുള്ള സാമ്പത്തിക പങ്കാളിയായും സഖ്യകക്ഷിയായും റഷ്യ നിലവിൽ അഫ്ഗാനിസ്ഥാനിലെ ഭരണകർത്താക്കളായ താലിബാനെ കണക്കാക്കുന്നത്. അതിനാൽ ഭീകരരായി അംഗീകരിക്കപ്പെട്ട സംഘടനകളുടെ ഏകീകൃത ഫെഡറൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള താലിബാന്റെ പ്രവർത്തനങ്ങൾക്ക് മുമ്പ് ഏർപ്പെടുത്തിയിരുന്ന വിലക്ക് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്നാണ് സുപ്രീം കോടതി ജഡ്ജി ഒലെഗ് നെഫെഡോവ് പുറത്തിറക്കിയ വിധിപ്രസ്താവത്തിൽ വ്യക്തമാക്കുന്നത്.
Discussion about this post