വാഷിംഗ്ടൺ : യുഎസിൽ കുടിയേറ്റത്തിനും വിദ്യാർത്ഥി ആക്ടിവിസത്തിനുമെതിരെയുള്ള നടപടികൾ ശക്തമാക്കി ട്രംപ് ഭരണകൂടം. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ട്രംപ് സർക്കാർ ആയിരത്തിലേറെ വിദ്യാർഥികളുടെ വിസ റദ്ദാക്കി.
യു എസിലെ 160 കോളേജുകളിലെയും സർവകലാശാലകളിലെയും കുറഞ്ഞത് 1,024 വിദ്യാർത്ഥികളുടെ വിസയും നിയമപരമായ പദവികളും ആണ് റദ്ദാക്കിയിട്ടുള്ളത്.
ഹാർവാർഡ്, സ്റ്റാൻഫോർഡ് പോലുള്ള സ്വകാര്യ സർവകലാശാലകൾ മുതൽ മേരിലാൻഡ് സർവകലാശാല, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി തുടങ്ങിയ പൊതു സ്ഥാപനങ്ങളിലെ വരെ വിദ്യാർത്ഥികൾ നടപടിക്ക് വിധേയരായിട്ടുണ്ട്. ഈ ആഴ്ച ആദ്യം, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒമ്പത് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും വിസകളും ഇമിഗ്രേഷൻ സ്റ്റാറ്റസുകളും യാതൊരു മുൻകൂർ മുന്നറിയിപ്പും കൂടാതെയാണ് ട്രംപ് ഭരണകൂടം റദ്ദാക്കിയത്. വിദ്യാർത്ഥി ആക്ടിവിസം കുറയ്ക്കുന്നതിനുള്ള തങ്ങളുടെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ധനസഹായം മരവിപ്പിക്കുമെന്ന് സർവ്വകലാശാലകൾക്കും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യാതൊരു ന്യായീകരണവും ഇല്ലാതെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജീവിക്കാനുള്ള തങ്ങളുടെ അവകാശം കവർന്നെടുക്കുകയാണെന്ന് കാണിച്ച് വിസ റദ്ദാക്കപ്പെട്ട വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ വിദ്യാർത്ഥി ആക്ടിവിസം സ്വന്തം നാട്ടിൽ തന്നെ വച്ചിട്ട് യു എസിലേക്ക് വന്നാൽ മതിയെന്നാണ് ട്രമ്പിന്റെ നിലപാട്.
Discussion about this post