ചണ്ഡീഗഡ് : ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത് പാൽ സിങ്ങിനെ ഉടനെയൊന്നും പാർലമെന്റ് കാണാൻ കഴിയില്ല. അമൃത് പാൽ സിംഗിന്റെ ശിക്ഷ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്ര-സംസ്ഥാന സർക്കാർ ഏജൻസികൾ തമ്മിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ദേശീയ സുരക്ഷാ നിയമം അനുസരിച്ചാണ് ശിക്ഷ നീട്ടുന്നത്.
നിലവിൽ അസമിലെ ദിബ്രുഗഡിലെ ജയിലിൽ കഴിയുകയാണ് അമൃത് പാൽ സിംഗ്. ജയിലിൽ കഴിയവെ തന്നെ ആണ് ഇയാൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. നിലവിൽ പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗം ആണ് അമൃത് പാൽ സിംഗ്. അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ ഒരു വർഷത്തേക്ക് കൂടി അമൃത് പാൽ സിംഗിന്റെ തടവ് നീട്ടാനാണ് പഞ്ചാബ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഇപ്പോൾ കഴിയുന്ന ദിബ്രുഗഡിലെ ജയിലിൽ തന്നെ അമൃത് പാൽ തുടരുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് സംസ്ഥാന-കേന്ദ്ര ഏജൻസികൾ തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് അമൃത്പാലിന്റെ തടങ്കൽ നീട്ടാനുള്ള തീരുമാനം പഞ്ചാബ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഖാലിസ്ഥാൻ അനുകൂല നിലപാട് സ്വീകരിക്കുന്ന വാരിസ് പഞ്ചാബ് ഡി എന്ന സംഘടനയുടെ തലവനായ അമൃത് പാൽ സിംഗ് 2023 ഏപ്രിൽ 23 ന് ആണ് അറസ്റ്റിലായിരുന്നത്.
Discussion about this post