റാഞ്ചി : റാഞ്ചിയുടെ ആകാശത്ത് വിസ്മയക്കാഴ്ചകൾ ഒരുക്കി ഇന്ത്യൻ വ്യോമസേന. വ്യോമസേനയുടെ ‘സൂര്യ കിരൺ എയറോബാറ്റിക് ടീം’ ഞായറാഴ്ച അത്ഭുതപ്പെടുത്തുന്ന ദൃശ്യപര്യടനം ആണ് ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന എയർ ഷോയിൽ ഒരുക്കിയത്. നാംകും ആർമി ഗ്രൗണ്ടിന് മുകളിലെ ആകാശത്ത് കാവി, വെള്ള, പച്ച നിറങ്ങളിൽ ദേശീയ പതാകയെ അനുസ്മരിപ്പിക്കുന്ന കാഴ്ചകളും ഇന്ത്യൻ വ്യോമസേന കാഴ്ചവച്ചു.
പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്, മുതിർന്ന പ്രതിരോധ, ഭരണ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിരവധി വ്യോമസേന ഉദ്യോഗസ്ഥരും റാഞ്ചിയിലെ പൊതുജനങ്ങളും ഈ വിസ്മയിപ്പിക്കുന്ന ആകാശക്കാഴ്ചകൾക്ക് സാക്ഷിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെയും നേതൃത്വത്തിൽ , നമ്മുടെ പ്രതിരോധ മേഖല നൂതനവും സ്വാശ്രയവും ശക്തവുമായി മാറിയിരിക്കുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്ത പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് വ്യക്തമാക്കി.
രണ്ടുദിവസം നീണ്ടുനിൽക്കുന്ന എയർ ഷോ ആയിരുന്നു റാഞ്ചിയിൽ സംഘടിപ്പിക്കപ്പെട്ടിരുന്നത്. എയർ ഷോ ആസ്വദിക്കുന്നതിനായി ഞായറാഴ്ച പുലർച്ചെ മുതൽ സ്കൂൾ വിദ്യാർത്ഥികളും വിനോദസഞ്ചാരികളും പൊതുജനങ്ങളും ഉൾപ്പെടെയുള്ള വലിയൊരു ജനക്കൂട്ടം തന്നെ ആർമി ഗ്രൗണ്ടിൽ തടിച്ചുകൂടിയിരുന്നു. ഇന്ത്യയിലും ശ്രീലങ്ക, മ്യാൻമർ, ചൈന, സിംഗപ്പൂർ, യുഎഇ എന്നിവയുൾപ്പെടെ ലോകമെമ്പാടുമായി 700-ലധികം എയർ ഷോകൾ അവതരിപ്പിച്ചിട്ടുള്ള ഇന്ത്യൻ വ്യോമസേനയുടെ ടീമാണ് സൂര്യകിരൻ എയറോബാറ്റിക് ടീം.
Discussion about this post