വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. 88 വയസായിരുന്നു കത്തോലിക്കാ സഭയുടെ 266ാം മാർപാപ്പയായിരുന്ന അദ്ദേഹം ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ പേപ്പായിരുന്നു.ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ പോപ്പായി സ്ഥാനമേറ്റത്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.
ആരോഗ്യപ്രശ്‌നങ്ങൾ മൂലം കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസകോശ അണുബാധയെത്തുടർന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 38 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം മാർച്ച് 23നാണ് മാർപാപ്പ തിരിച്ചെത്തിയത്. ആശുപത്രി വാസത്തിനുശേഷം ഫ്രാൻസിസ് പാപ്പ പൂർണമായി ചുമതലകൾ ഏറ്റെടുത്തിട്ടില്ല. പെസഹ വ്യാഴാഴ്ച മാർപാപ്പ റോമിലെ റെജീന കെയ്ലി ജയിൽ സന്ദർശിച്ചിരുന്നു.
ബ്യൂണസ് അയേഴ്‌സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1936ൽ ഡിസംബർ17ന് ആണ് ബെർഗോളിയോ ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്‌സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. 1958 മാർച്ച് 11ന് വിയ്യാ ദേവോതോയിലെ ഈശോ സഭാ സെമിനാരിയിൽ ചേർന്നാണ് ബെർഗോളിയോ വൈദികപഠനം ആരംഭിച്ചത്. 1960 സാൻ മിഗേലിലെ കോളെസിയോ മാക്‌സിമോ സാൻ ജോസിൽ നിന്ന് തത്വശാസ്ത്രത്തിൽ ലൈസൻഷിയേറ്റ് നേടി. 1967 ബെർഗോളിയോ ദൈവശാസ്ത്രപഠനം പൂർത്തിയാക്കി.1969 ഡിസംബർ 13ന് ആണ് വൈദികപട്ടം സ്വീകരിച്ചത്.
സാൻ മിഗേൽ സെമിനായിരിയിലെ ദൈവശാസ്ത്ര-തത്ത്വശാസ്ത്ര വിഭാഗത്തിൽ നിന്ന് മാസ്റ്റർ ബിരുദം സമ്പാദിച്ച അദ്ദേഹം അവിടെ ദൈവശാസ്ത്രാദ്ധ്യാപകനായി. 1973-1979 ബെർഗോളിയോ ഈശോസഭയുടെ അർജന്റീന പ്രൊവിൻഷ്യാൽ ആയിരുന്നു. പിന്നീട് സാൻ മിഗേൽ സെമിനാരി അധിപനായി 1980-ൽ സ്ഥാനമേറ്റെടുത്ത ബെർഗോളിയോ 1988 വരെ ആ പദവിയിൽ തുടർന്നു.2001 ഫെബ്രുവരിയിൽ അന്നത്തെ മാർപ്പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമൻ ബെർഗോളിയോയെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. 2005-ലെ മെത്രാന്മാരുടെ സൂനഹദോസ് കർദ്ദിനാൾ ബെർഗോളിയോയെ പോസ്റ്റ് ബിഷപ് കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു.
സ്ഥാനാരോഹണത്തിനു ശേഷം സഭയിൽ പുതിയ മാറ്റങ്ങൾ അദ്ദേഹം വരുത്തുകയുണ്ടായി. അതിനാൽ മാറ്റങ്ങളുടെ പാപ്പ എന്ന വിശേഷണവും ലഭിക്കുകയുണ്ടായി.
Discussion about this post