വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തോടെ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന ചടങ്ങുകൾക്കും തുടക്കമാവുകയാണ്. ഫ്രാൻസിസ് മാർപാപ്പയോടുള്ള അനുശോചനാർത്ഥം വത്തിക്കാൻ നൊവെൻഡിയേൽ എന്നറിയപ്പെടുന്ന ഒമ്പത് ദിവസത്തെ ദുഃഖാചരണത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇത് ഒരു പുരാതന റോമൻ പാരമ്പര്യമാണ്. 9 ദിവസം നീണ്ടുനിൽക്കുന്ന ഈ ദുഃഖാചരണ സമയത്ത് അടുത്ത മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കങ്ങളും നടക്കും.
കർദ്ദിനാൾമാർ ചേർന്ന് വോട്ടെടുപ്പിലൂടെ ആയിരിക്കും പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുക. നിലവിൽ അന്താരാഷ്ട്ര തലത്തിൽ ആകെ 252 കർദ്ദിനാൾമാർ ആണ് ഉള്ളത്.
എന്നാൽ 80 വയസ്സിന് താഴെയുള്ള കർദിനാൾമാർക്ക് മാത്രമാണ് വോട്ടെടുപ്പിന് അർഹതയുള്ളത്. അതിനാൽ 135 കർദിനാൾമാർക്ക് ആണ് വോട്ടെടുപ്പിന് അർഹതയുള്ളത്. പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ട് ചെയ്യാൻ അർഹതയുള്ള കർദിനാൾമാരിൽ ഇന്ത്യയിൽ നിന്നുള്ള നാല് പേരും അടങ്ങിയിട്ടുണ്ട്. ഇവരിൽ രണ്ടുപേർ കേരളത്തിൽ നിന്നും ഉള്ളതാണ്.
ഗോവയിലെയും ദാമനിലെയും ആർച്ച് ബിഷപ്പ് ആയ ഫിലിപ്പ് നെറി ഫെറാവു, കേരളത്തിലെ സീറോ-മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ്, ഹോളി സീയുടെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ ജേർണീസ് ഓഫീസിന്റെ മുൻ തലവൻ ജോർജ്ജ് കൂവക്കാട്, ഹൈദരാബാദ് മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പും ദളിത് ക്രിസ്ത്യൻ സമൂഹത്തിൽ നിന്നുള്ള ആദ്യത്തെ ആർച്ച് ബിഷപ്പുമായ ആന്റണി പൂള എന്നിവരാണ് ഇന്ത്യയിൽ നിന്നും വോട്ടെടുപ്പിന് അർഹരായ കർദിനാൾമാർ. മറ്റ് രണ്ട് ഇന്ത്യൻ കർദ്ദിനാൾമാരായ ബോംബെ മുൻ ആർച്ച് ബിഷപ്പ് ഓസ്വാൾഡ് ഗ്രേഷ്യസിനും സീറോ-മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് എമറിറ്റസ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കും 80 വയസ്സ് കഴിഞ്ഞതിനാൽ പാപ്പൽ കോൺക്ലേവിൽ വോട്ടുചെയ്യാൻ കഴിയില്ല.
Discussion about this post