ന്യൂഡൽഹി : ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടുദിവസത്തെ സൗദി സന്ദർശനത്തിലാണ് മോദി. ആക്രമണ വിവരം അറിഞ്ഞ അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചിരുന്നു. അമിത് ഷാ ഉടൻ തന്നെ ശ്രീനഗറിലേക്ക് പുറപ്പെടും.
വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം നടത്തിയ ഒരാളെയും വെറുതെ വിടില്ലെന്ന് മോദി വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം അചഞ്ചലമാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ മോദി പറഞ്ഞു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നുണ്ട് . ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും… അവരെ വെറുതെ വിടില്ല! അവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമാണ്, അത് കൂടുതൽ ശക്തമാകും,” എന്നാണ് മോദി എക്‌സിലൂടെ അറിയിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിലെ മരണസംഖ്യ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അഞ്ചുപേർ മരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഇരുപതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജസ്ഥാനിൽ നിന്നും എത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിവെപ്പ് നടത്തിയത്. മൂന്ന് തീവ്രവാദികൾ ആയിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. റിസോർട്ടിന് സമീപത്തെ പർവതനിരകളിൽ നിന്നുമാണ് ഭീകരർ ഇറങ്ങിവന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇരകളോട് പേരും മതവും ചോദിച്ചറിഞ്ഞ ശേഷമാണ് ഇവർ ആക്രമണം നടത്തിയത്.
Discussion about this post