ന്യൂഡൽഹി : പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് ന്യൂഡൽഹിയിൽ വിമാന കമ്പനികളുടെ അടിയന്തരയോഗം വിളിച്ച് സിവിൽ വ്യോമയാന മന്ത്രി കെ. രാം മോഹൻ നായിഡു. നിലവിലെ സാഹചര്യത്തിൽ ശ്രീനഗറിൽ നിന്നും നാല് അധിക സർവീസുകൾ കൂടി നടത്താൻ യോഗത്തിൽ തീരുമാനമായി. എയർ ഇന്ത്യയും ഇൻഡിഗോയും ആണ് ശ്രീനഗറിൽ നിന്നും മുംബൈയിലേക്കും ഡൽഹിയിലേക്കുമായി നാല് അധിക സർവീസുകൾ നടത്തുക.
ശ്രീനഗറിലേക്കുള്ള യാത്രാനിരക്കുകൾ വർദ്ധിപ്പിക്കരുത് എന്നും വ്യോമയാന മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ
ടിക്കറ്റ് റദ്ദാക്കൽ ചാർജുകൾ ഒഴിവാക്കണമെന്നും അദ്ദേഹം വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. ഈ ദുഷ്‌കരമായ സമയത്ത് ഒരു യാത്രക്കാരനും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ കേന്ദ്രസർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്നും വ്യോമയാന മന്ത്രി അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാരുകളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിപ്പിക്കുന്നതിന് പൂർണ്ണ സഹകരണം നൽകണമെന്ന് സിവിൽ വ്യോമയാന മന്ത്രി എല്ലാ വിമാനക്കമ്പനികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 30 വരെ ഈ സെക്ടറുകളിൽ ബുക്കിംഗ് സ്ഥിരീകരിച്ച യാത്രക്കാർക്ക് ടിക്കറ്റ് പുനഃക്രമീകരണത്തിനും റദ്ദാക്കലിനും മുഴുവൻ റീഫണ്ടും നൽകുമെന്ന് യോഗത്തിനുശേഷം എയർ ഇന്ത്യയും ഇൻഡിഗോയും അറിയിച്ചു.
Discussion about this post