ഇന്ത്യൻ യുവ ഓപ്പണർ അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗിനെക്കുറിച്ച് രസകരമായ നിരീക്ഷണവുമായി മുൻ ഇന്ത്യൻ താരം വരുൺ ആരോൺ. അഭിഷേക് ശർമയ്ക്കെതിരെ പന്തെറിയുന്ന ബൗളർമാർക്ക് പ്രയോഗിക്കാൻ നിലവിൽ ഒരു പ്ലാനും ഇല്ലെന്നും, താരം അന്ന് കളിക്കാനിറങ്ങരുതേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുക മാത്രമാണ് ഏക പോംവഴിയെന്നും ആരോൺ തമാശരൂപേണ പറഞ്ഞു.
സ്റ്റാർ സ്പോർട്സിലെ ‘ഗെയിം പ്ലാൻ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എവിടെ പന്തെറിഞ്ഞാലും അഭിഷേക് അത് അതിർത്തി കടത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“അഭിഷേകിനെതിരെ ബൗളർമാർക്കുള്ള ഏക പ്ലാൻ അവൻ അന്ന് കളിക്കളത്തിൽ വരാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുക എന്നതാണ്. കാരണം നിങ്ങൾ എവിടെ പന്തെറിഞ്ഞാലും അവൻ അത് ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും അടിച്ചകറ്റുകയാണ്,” വരുൺ ആരോൺ പറഞ്ഞു.
ബാറ്റിന് പുറത്തേക്ക് വൈഡ് ആയി പന്തെറിഞ്ഞാൽ താരം അത് അടിച്ചകറ്റും, ശരീരത്തിന് നേരെ പന്തെറിഞ്ഞാലും ഓഫ് സൈഡിലൂടെ താരം റൺസ് കണ്ടെത്തുന്നു., ലെഗ് സൈഡിലെ പന്തുകളിൽ പോലും 168 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്യുന്നത്. മറ്റ് വശങ്ങളിലെ സ്ട്രൈക്ക് റേറ്റ് കൂടി നോക്കുമ്പോൾ ബൗളർമാർക്ക് എവിടെ പന്തെറിയണം എന്നറിയാത്ത അവസ്ഥയാണെന്ന് ആരോൺ നിരീക്ഷിച്ചു.
തന്റെ ചെറിയ ടി 20 കരിയറിൽ 32 ഇന്നിങ്‌സുകൾ കളിച്ച താരം അതിൽ നിന്നായി 1,115 റൺസ് താരം നേടിയിട്ടുണ്ട്. 188.02 എന്ന അപാര സ്ട്രൈക്ക് റേറ്റിൽ കളിച്ച താരം 2 സെഞ്ചുറികളും നേടിയിട്ടുണ്ട്.










Discussion about this post