ജമ്മു കശ്മീർ; ഹർത്താലും ബന്ദും കശ്മീരികൾക്ക് ഒരു പുതുമയുള്ള കാര്യമല്ലായിരുന്നു വർഷങ്ങൾക്ക് മുൻപ് വരെ. എന്നാൽ ഹർത്താലിനോടും ബന്ദിനോടുമെല്ലാം കശ്മീരി ജനത വിടപറഞ്ഞിട്ട് വർഷങ്ങളേറെയായി. അതേ കശ്മീർ ഇന്ന് വീണ്ടും നിശ്ചലമായി. പഹൽഗാം ഭീകരാക്രമണത്തിനെതിരെ പ്രതിഷേധിക്കാൻ കശ്മീരിലെ യുവാക്കൾ ഉൾപ്പെടെ തെരുവിലിറങ്ങി. ഹർത്താലിനോടനുബന്ധിച്ച് ശ്രീനഗർ ഉൾപ്പെടെ വിജനമായി.ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കശ്മീർ താഴ്‌വരയിൽ കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല.
“കശ്മീരിൻറെ വ്യാപാര കേന്ദ്രമായ ലാൽചൌക്കിലും വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിട്ട് ബന്ദിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വർഷങ്ങൾക്ക് ശേഷം കശ്മീരിൽ ഇത്തരമൊരു ഹർത്താൽ ആചരിക്കുന്നത്. ഇതാദ്യമായാണ് കശ്മീരിൽ ഇങ്ങനെ ഒരു ഹർത്താൽ. വിഘടനവാദികളെയെല്ലാം മോദി സർക്കാർ അടിച്ചമർത്തി കശ്മീർ വികസനത്തിലേക്ക് കുതിക്കുകയാണ്, ഇതിനിടെയാണ് ഇത്തരമൊരു സംഭവം, തെരുവിൽ ഭക്ഷണ വിൽപ്പന നടത്തുന്ന പ്രദേശവാസിയായ അബ്ദുൾ ഹമീദിൻറെ വാക്കുകളാണിത്.
നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും കശ്മീർ മുഖ്യ പുരോഹിതൻ മിർവൈസ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള മുത്തഹിദ മജ്‌ലിസ് ഉലമയും ഉൾപ്പെടെയുള്ള എല്ലാ പ്രധാന പാർട്ടികളും ഭീകരാക്രമണത്തിനെതിരെ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു.ജമ്മു കശ്മീരിലെ ജനങ്ങളോട് ബന്ദ് ആചരിച്ചുകൊണ്ട് ഈ ഹീനമായ കുറ്റകൃത്യത്തിൽ സമാധാനപരമായി പ്രതിഷേധിക്കാൻ അഭ്യർത്ഥിക്കുന്നു,” എന്നാണ് മിർവൈസ് ആഹ്വാനം ചെയ്തത്.
ശ്രീനഗറിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവർ ശ്രീനഗറിലെ പോലീസ് കൺട്രോൾ റൂമിൽ കൊല്ലപ്പെട്ട വിനോദസഞ്ചാരികൾക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം മുഖ്യമന്ത്രി ഒമർ അബ്ദുള്ള ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതവും , നിസ്സാര പരിക്കേറ്റവർക്ക് 1 ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു . അപകടത്തിന് ഇരയായവരെയും കുടുംബങ്ങളെയും അവരുടെ വീടുകളിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post