ഇസ്ലാമാബാദ് : പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് തെളിഞ്ഞതിനെ തുടർന്ന് കഴിഞ്ഞദിവസം ഇന്ത്യ പാകിസ്താനെതിരെ വിവിധ നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് പാകിസ്താനിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം വിളിച്ചുചേർത്തു. തുടർന്ന് ഇന്ത്യയുടെ തീരുമാനങ്ങൾക്ക് ബദലായി പാകിസ്താൻ ഇന്ത്യക്കെതിരെ സ്വീകരിക്കുന്ന നടപടികളും യോഗത്തിൽ പ്രഖ്യാപിച്ചു.
ഇന്ത്യൻ വിമാനക്കമ്പനികളെ പാകിസ്താൻ വ്യോമാതിർത്തി വഴി ഇനി സഞ്ചരിക്കാൻ അനുവദിക്കില്ല എന്നാണ് പാകിസ്താന്റെ ഒരു പ്രധാന തീരുമാനം. വ്യോമാതിർത്തിയും വാഗ അതിർത്തിയും അടച്ചിടാൻ പാകിസ്താൻ തീരുമാനിച്ചു. സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ‘യുദ്ധനടപടി’യായി കണക്കാക്കും എന്നും പാകിസ്താന്റെ ഉന്നതതല യോഗം പ്രഖ്യാപിച്ചു.
കൂടാതെ 2025 ഏപ്രിൽ 30 മുതൽ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ അംഗബലം നയതന്ത്രജ്ഞരും ജീവനക്കാരും ഉൾപ്പെടെ 30 ആയി കുറയ്ക്കാനും പാകിസ്താൻ തീരുമാനിച്ചിട്ടുണ്ട്. സാർക്ക് വിസ ഇളവ് പദ്ധതി (എസ്‌വിഇഎസ്) പ്രകാരമുള്ള എല്ലാ വിസകളും നിർത്തിവയ്ക്കാനും വാക അതിർത്തി വഴി പാകിസ്താനിൽ എത്തിയിട്ടുള്ള ഇന്ത്യക്കാർ ഉണ്ടെങ്കിൽ ഏപ്രിൽ 30ന് മുമ്പ് തിരിച്ചു പോകണമെന്നും പാകിസ്താൻ അറിയിച്ചു.
ഏപ്രിൽ 30 നകം ഹൈക്കമ്മീഷനിലെ ഇന്ത്യൻ സൈനിക ഉപദേഷ്ടാക്കൾ രാജ്യം വിടണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടു. പാകിസ്താൻ വഴി മൂന്നാം രാജ്യങ്ങളിലേക്കോ അല്ലെങ്കിൽ അവിടെ നിന്നോ പോകുന്ന ചരക്കുകൾ ഉൾപ്പെടെ ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിർത്തിവച്ചതായും മന്ത്രിമാരും ഉന്നത സൈനിക ഉദ്യോഗസ്ഥരും അടക്കമുള്ളവർ ചേർന്ന ഉന്നതതല യോഗത്തിൽ പാകിസ്താൻ തീരുമാനിച്ചു.
Discussion about this post