ന്യൂഡൽഹി : 26/11 മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ ഹുസൈൻ റാണ ഡൽഹി കോടതിയിൽ നൽകിയ അപേക്ഷ തള്ളി. കുടുംബത്തോട് സംസാരിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു റാണ കോടതിയെ സമീപിച്ചിരുന്നത്. ദേശീയ അന്വേഷണ ഏജൻസി ഈ ആവശ്യം എതിർത്തതിന് പിന്നാലെ ഡൽഹി ഹൈക്കോടതി അപേക്ഷ തള്ളുകയായിരുന്നു.
ഇന്ത്യയിൽ കസ്റ്റഡിയിൽ കഴിയുമ്പോൾ തനിക്ക് സുഖമാണോ എന്നറിയാൻ തന്റെ കുടുംബത്തിന് ആശങ്കയുണ്ടാകും എന്നായിരുന്നു തഹാവൂർ ഹുസൈൻ റാണ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ സൂചിപ്പിച്ചിരുന്നത്. കുടുംബത്തോട് സംസാരിക്കാൻ കഴിയുക എന്നുള്ളത് തന്റെ മൗലികാവകാശമാണ് എന്നും റാണ അഭിഭാഷകർ മുഖേന അറിയിച്ചു. എന്നാൽ അങ്ങനെ ഒരു അവകാശം അനുവദിക്കാൻ കഴിയില്ല എന്നാണ് വാദം കേട്ട ശേഷം പ്രത്യേക ജഡ്ജി ചന്ദർ ജിത് സിംഗ് അറിയിച്ചത്.
അന്വേഷണം നിർണ്ണായക ഘട്ടത്തിൽ ആണെന്നും പ്രതി അന്വേഷണവുമായി യാതൊരു തരത്തിലും സഹകരിക്കുന്നില്ല എന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയെ ബോധിപ്പിച്ചു. ഇത്തരമൊരു അവസരത്തിൽ പ്രതിക്ക് കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള അവസരം നൽകിയാൽ നിർണായക വിവരങ്ങൾ ചോർന്നേക്കാൻ സാധ്യതയുണ്ടെന്നും ഉള്ള എൻഐഎയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Discussion about this post