ശ്രീനഗർ : സങ്കീർണ്ണമായ കര ആക്രമണ ദൗത്യങ്ങൾക്കായുള്ള പ്രത്യേക വ്യോമ പരിശീലനം നടത്തി ഇന്ത്യൻ വ്യോമസേന. നിയന്ത്രണരേഖയ്ക്ക് സമീപമാണ് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പരിശീലനത്തിൽ ഏർപ്പെട്ടത്. ‘എക്സെർസൈസ് ആക്രമൺ’ എന്നായിരുന്നു ഈ വ്യോമ പരിശീലനത്തിന് പേര് നൽകിയിരുന്നത്. ഒരു രാത്രി മുഴുവൻ നീണ്ട വ്യോമ പരിശീലനം ആണ് ഇന്ത്യൻ വ്യോമസേന നടത്തിയത്.
സമതലങ്ങളും പർവതപ്രദേശങ്ങളും ഉൾപ്പെടെയുള്ള വിവിധ ഭൂപ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്കായുള്ള പരിശീലനമായിരുന്നു നിയന്ത്രണ രേഖയ്ക്ക് സമീപം നടന്നത്. റഫേൽ യുദ്ധവിമാനങ്ങൾ അടക്കമുള്ള ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ ഈ പരിശീലനത്തിൽ പങ്കെടുത്തു. എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം (AWACS) സജ്ജീകരിച്ച വിമാനങ്ങൾ ശത്രുക്കളുടെ നീക്കങ്ങളിൽ കർശനമായ നിരീക്ഷണം നടത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യത്തിന്റെ മൂന്നു വിഭാഗങ്ങളായ കരസേനയും നാവികസേനയും വ്യോമസേനയും ഇപ്പോൾ കടുത്ത ജാഗ്രതയിലും പരിശീലനത്തിലും ആണ്. പാകിസ്താൻ അതിർത്തിയിൽ ഇന്ത്യൻ റാഫേൽ ജെറ്റുകൾ ആകാശ പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താനായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും ശ്രീനഗറിലെത്തി. 15 കോർപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ പ്രശാന്ത് ശ്രീവാസ്തവയും വിക്ടർ ഫോഴ്‌സ് കമാൻഡറും അദ്ദേഹത്തോടൊപ്പം ശ്രീനഗറിൽ ഉണ്ട്. എൽഒസിയിലും മറ്റ് അതിർത്തി പ്രദേശങ്ങളിലും തന്ത്രപരമായ ആസൂത്രണം കേന്ദ്രീകരിച്ചുള്ള ഉന്നതതല സുരക്ഷാ അവലോകന യോഗത്തിന് ജനറൽ ദ്വിവേദി നേതൃത്വം നൽകും.
Discussion about this post