ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇതുവരെയില്ലാത്ത വിധം രൂക്ഷമായ രീതിയിൽ പ്രതികാര നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യൻ സൈന്യം. ഇന്ത്യയ്ക്ക് അകത്തു തന്നെയുള്ള രാജ്യത്തിന്റെ ശത്രുക്കളെ നാമാവശേഷമാക്കുക എന്ന ദൗത്യമാണ് ഇപ്പോൾ സൈന്യം കൈക്കൊള്ളുന്നത്. ജമ്മു കശ്മീരിൽ തീവ്രവാദ ബന്ധമുള്ളതായി കണ്ടെത്തിയ അഞ്ചുപേരുടെ വീടുകൾ സൈന്യം തകർത്തു. ലഷ്കർ-ഇ-തൊയ്ബയുടെ മുതിർന്ന കമാൻഡറുടെ ഉൾപ്പെടെയുള്ള വീടുകളാണ് തകർത്തു തരിപ്പണമാക്കിയത്.
ഷോപിയാൻ, കുൽഗാം, പുൽവാമ ജില്ലകളിലാണ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്നവർക്കെതിരെ സുരക്ഷാസേന ശക്തമായ നടപടികൾ സ്വീകരിച്ചത്. ഷോപ്പിയാനിലെ ചോട്ടിപോറ ഗ്രാമത്തിൽ, ലഷ്കർ ഇ തൊയ്ബ കമാൻഡർ ഷാഹിദ് അഹമ്മദ് കുട്ടെയുടെ വീട് തകർന്നു. കഴിഞ്ഞ മൂന്ന് നാല് വർഷമായി കുട്ടെ തീവ്രവാദ പ്രവർത്തനങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിലായി തീവ്രവാദ, ദേശവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നവരെ തിരഞ്ഞുപിടിച്ച് പാഠം പഠിപ്പിക്കുകയാണ് ഇപ്പോൾ സുരക്ഷാസേന. കുൽഗാമിലെ മതലം പ്രദേശത്തുള്ള മറ്റൊരു തീവ്രവാദിയായ സാഹിദ് അഹമ്മദിന്റെ വീടാണ് തകർക്കപ്പെട്ട വീടുകളിൽ മറ്റൊന്ന്. പുൽവാമയിലെ മുറാൻ പ്രദേശത്തുള്ള അഹ്സാൻ ഉൽ ഹഖിന്റെ വീടും തകർത്തു. ഇയാൾ പാകിസ്താനിൽ പോയി ഭീകര പരിശീലനം നേടിയിരുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു.
പുൽവാമയിൽ രണ്ട് വീടുകൾ ആണ് സൈന്യം തകർത്തത്. 2023 ജൂൺ മുതൽ ലഷ്കറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എഹ്സാൻ അഹമ്മദ് ഷെയ്ക്കിന്റെ ഉടമസ്ഥതയിലുള്ളതും, കഴിഞ്ഞ വർഷം മുതൽ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ആരംഭിച്ച ഹാരിസ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതുമാണ് പുൽവാമയിൽ തകർത്ത രണ്ട് വീടുകൾ. വീടിനുള്ളിൽ കഴിഞ്ഞിരുന്ന ആളുകളെ പുറത്തേക്ക് മാറ്റിയതിനുശേഷം നിയന്ത്രിത സ്ഫോടനത്തിലൂടെ വീടുകൾ തകർക്കുകയായിരുന്നു. കശ്മീരിന്റെ മണ്ണിൽ ജീവിച്ചുകൊണ്ട് പാകിസ്താന് വേണ്ടി പ്രവർത്തിക്കുന്ന ഓരോരുത്തർക്കും ഇനി ഇതായിരിക്കും അവസ്ഥ എന്ന് കാണിച്ചു നൽകുകയാണ് ഇന്ത്യൻ സൈന്യം.
Discussion about this post