ന്യൂഡൽഹി : രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങളും ദൗത്യങ്ങളും സുരക്ഷാസേനയുടെ നീക്കങ്ങളും തൽസമയ സംപ്രേക്ഷണം നടത്തരുതെന്ന് മാദ്ധ്യമങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രാജ്യത്തെ എല്ലാ മാദ്ധ്യമങ്ങൾക്കുമായി ഒരു മുന്നറിയിപ്പ് സന്ദേശം പുറത്തിറക്കിയിട്ടുള്ളത്. പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടർന്ന് പ്രതിരോധ കാര്യങ്ങളെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിംഗിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ഇത്തരം ഒരു കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ദേശീയ സുരക്ഷയുടെ പേരിൽ പ്രതിരോധ പ്രവർത്തനങ്ങളുടെയും സുരക്ഷാ സേനയുടെ നീക്കങ്ങളുടെയും തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. മാദ്ധ്യമ റിപ്പോർട്ടിങ്ങുകളിൽ ജാഗ്രതയും ഉത്തരവാദിത്തവും പുലർത്താനും ഐ ബി ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയുടെ പരമപ്രധാനമായ പ്രാധാന്യത്തിന് ഊന്നൽ നൽകാനും നിലവിലുള്ള നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാനും ഐ ബി മാദ്ധ്യമങ്ങളോട് അറിയിച്ചു.
പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട “ഉറവിട അധിഷ്ഠിത” വിവരങ്ങളുടെ തത്സമയ കവറേജ്, ദൃശ്യവൽക്കരണം അല്ലെങ്കിൽ പ്രചരണം എന്നിവ പാടില്ല എന്ന് മന്ത്രാലയം പ്രത്യേകം വ്യക്തമാക്കി. അത്തരം റിപ്പോർട്ടിംഗ് ശത്രുതാപരമായ സ്ഥാപനങ്ങളെ അശ്രദ്ധമായി സഹായിക്കുമെന്നും പ്രവർത്തന ഫലപ്രാപ്തിയും ഉദ്യോഗസ്ഥരുടെ സുരക്ഷയും അപകടത്തിലാക്കുമെന്നും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Discussion about this post