ശ്രീനഗർ : ഝലം നദിയിലെ ജലനിരപ്പ് വൻതോതിൽ ഉയർന്നതിൽ പാകിസ്താനിൽ കടുത്ത ആശങ്ക. പാക് അധിനിവേശ കശ്മീരിൽ പ്രളയസമാനമായ സാഹചര്യം ആണ് നിലവിലുള്ളത്. മുസാഫറാബാദ് മേഖലയിലെ ഝലം നദിയിലെ ജലനിരപ്പ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് അപ്രതീക്ഷിതമായി ഉയർന്നതാണ് ഗുരുതരമായ ആശങ്കയ്ക്ക് കാരണമായത്.
മുൻകൂർ അറിയിപ്പ് നൽകാതെ ഇന്ത്യ വെള്ളം തുറന്നു വിട്ടതാണ് ഝലം നദിയിലെ ജലനിരപ്പ് ഉയരാനും പ്രളയ സാഹചര്യത്തിലേക്ക് നീങ്ങാനും കാരണമെന്നാണ് പാകിസ്താൻ കുറ്റപ്പെടുത്തുന്നത്. ചകോത്തി അതിർത്തി മുതൽ മുസാഫറാബാദ് വരെയുള്ള ഝലം നദിക്കരയിലെ നിവാസികൾ മേഖലയിൽ നിന്നും മാറി താമസിക്കാൻ ആരംഭിച്ചു കഴിഞ്ഞു. പാക് അധീന കശ്മീരിലെ ഹട്ടിയൻ ബാല മേഖലയിൽ, ഉദ്യോഗസ്ഥർ “ജല അടിയന്തരാവസ്ഥ” പ്രഖ്യാപിച്ചിട്ടുണ്ട്. ഹട്ടിയൻ ബാല, ഘരി ദുപ്പട്ട, മജോയ്, മുസാഫറാബാദ് എന്നിവിടങ്ങളിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നതായി പ്രാദേശിക ഭരണകൂടം വെളിപ്പെടുത്തുന്നത്.
നദീതീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരോട് ഉടൻ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ പള്ളികളിലൂടെ അറിയിപ്പ് നൽകി വരുന്നുണ്ട്. ഇന്ത്യയിലെ അനന്ത്നാഗിൽ നിന്ന് പാക് അധീന കശ്മീരിലെ ചകോത്തി മേഖലയിലേക്ക് വെള്ളം ഒഴുകിയെത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post