ന്യൂഡൽഹി : കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളിൽ ആറ് കമ്പനികളുടെ വിപണി മൂല്യം 1.18 ലക്ഷം കോടി വർദ്ധിച്ചതായി റിപ്പോർട്ട്. 1,18,626.24 കോടി രൂപയുടെ നേട്ടമാണ് ഈ 6 കമ്പനികൾ ഉണ്ടാക്കിയത്. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ആണ് ഏറ്റവും കൂടുതൽ വിപണി മൂലധനം നേടിയ കമ്പനി.
കഴിഞ്ഞ ആഴ്ചയിൽ ബിഎസ്ഇ സെൻസെക്സ് 659.33 പോയിന്റ് അഥവാ 0.83 ശതമാനം ഉയർന്നു. എൻഎസ്ഇ നിഫ്റ്റി 187.7 പോയിന്റ് അഥവാ 0.78 ശതമാനവും ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ്ബിഐ ), ഇൻഫോസിസ്, ഐടിസി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ കമ്പനികൾ. അതേസമയം ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക് , ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യൂണിലിവർ (എച്ച്യുഎൽ) എന്നിവയുടെ വിപണി മൂലധനത്തിൽ ഇടിവ് രേഖപ്പെടുത്തി.
ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) വിപണി മൂലധനം 53,692.42 കോടി രൂപ വർധിച്ച് 12,47,281.40 കോടി രൂപയിലെത്തി. റിലയൻസ് ഇൻഡസ്ട്രീസ് 34,507.55 കോടി രൂപ കൂടി കൂട്ടിച്ചേർത്തു. ഇതോടെ കമ്പനിയുടെ മൊത്തം മൂല്യം 17,59,276.14 കോടി രൂപയായി. ഇൻഫോസിസ് 24,919.58 കോടി രൂപ കൂട്ടിച്ചേർത്ത് 6,14,766.06 കോടി രൂപ വിപണി മൂല്യത്തിലെത്തി. അതേസമയം, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 2,907.85 കോടി രൂപ ഉയർന്ന് 14,61,842.17 കോടി രൂപയായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) 1,472.57 കോടി രൂപ ഉയർന്ന് 7,12,854.03 കോടി രൂപയിലെത്തി, ഐടിസിയുടെ വിപണി മൂലധനം 1,126.27 കോടി രൂപ വർധിച്ച് 5,35,792.04 കോടി രൂപയിലും എത്തി.
Discussion about this post