ന്യൂഡൽഹി : അറബിക്കടലിൽ ക്രൂയിസ് മിസൈലുകളുടെ വിക്ഷേപണം നടത്തി ഇന്ത്യൻ നാവികസേന. അറബിക്കടലിൽ വിന്യസിക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ യുദ്ധക്കപ്പലുകളിൽ നിന്നുമാണ് വിജയകരമായി മിസൈൽ വിക്ഷേപണം നടത്തിയത്. കൊൽക്കത്ത ക്ലാസ് ഡിസ്ട്രോയറുകൾ, നീലഗിരി, ക്രിവാക് ക്ലാസ് ഫ്രിഗേറ്റുകൾ എന്നിവയുൾപ്പെടെ നിരവധി മുൻനിര യുദ്ധക്കപ്പലുകളിൽ നിന്ന് ബ്രഹ്മോസ് കപ്പൽവേധ, ഉപരിതലവേധ ക്രൂയിസ് മിസൈലുകൾ വിക്ഷേപിക്കുന്ന വീഡിയോ ദൃശ്യങ്ങൾ നാവികസേന പങ്കുവെച്ചു.
രാജ്യത്തിന്റെ സമുദ്ര താൽപര്യങ്ങൾ എപ്പോഴും, എവിടെയും, എങ്ങനെയും സംരക്ഷിക്കാൻ സജ്ജരാണെന്ന് നാവികസേന വ്യക്തമാക്കി. കൃത്യതയോടെയുള്ള ദീർഘദൂര ആക്രമണങ്ങൾക്കായി പ്ലാറ്റ്‌ഫോമുകളുടെയും സംവിധാനങ്ങളുടെയും ക്രൂവിന്റെയും സന്നദ്ധത പുനഃപരിശോധിക്കുന്നതിനും തെളിയിക്കുന്നതിനുമായി ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ഒന്നിലധികം കപ്പൽ വിരുദ്ധ വെടിവയ്പ്പുകൾ വിജയകരമായി നടത്തിയതായി നാവികസേന പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ അറിയിക്കുന്നു.
26 സാധാരണക്കാർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് ഇന്ത്യ അറബിക്കടലിൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുള്ളത്. വ്യാഴാഴ്ച, നാവികസേനയുടെ ഏറ്റവും പുതിയ തദ്ദേശീയ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ഐഎൻഎസ് സൂറത്ത്, അറബിക്കടലിൽ മീഡിയം-റേഞ്ച് സർഫേസ്-ടു-എയർ മിസൈൽ (എംആർ-സാം) സിസ്റ്റത്തിന്റെ വിജയകരമായ പരീക്ഷണവും നടത്തിയിരുന്നു. ഇസ്രായേലുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത 70 കിലോമീറ്റർ ഇന്റർസെപ്ഷൻ പരിധിയുള്ള എംആർ-സാം, ഉപരിതല മിസൈലുകൾക്കും വ്യോമ ഭീഷണികൾക്കും എതിരെ ഏറ്റവും ഫലപ്രദമാണ്.
Discussion about this post