ഇസ്ലാമാബാദ് : പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ നിരപരാധിയാണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യ തങ്ങൾക്കെതിരായി കള്ളക്കഥ സൃഷ്ടിക്കുകയാണ്. സത്യം കണ്ടെത്താനായി റഷ്യയും ചൈനയും തങ്ങളെ സഹായിക്കണമെന്നും ഖ്വാജ ആസിഫ് ആവശ്യപ്പെട്ടു.
ഇന്ത്യയും മോദിയും കള്ളം പറഞ്ഞ് ലോകരാജ്യങ്ങൾക്കു മുൻപിൽ പാകിസ്താന്റെ പ്രതിച്ഛായ തകർക്കുകയാണ്. ഈ വിഷയത്തിൽ അന്താരാഷ്ട്ര അന്വേഷണമാണ് നടത്തേണ്ടത്. ഈ പ്രതിസന്ധിയിൽ റഷ്യയ്‌ക്കോ ചൈനയ്‌ക്കോ പാശ്ചാത്യ രാജ്യങ്ങൾക്കോ പോലും വളരെ വളരെ നല്ല പങ്ക് വഹിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു എന്നും പാകിസ്താൻ പ്രതിരോധ മന്ത്രി അറിയിച്ചു.
ഭീകരാക്രമണത്തിൽ പാകിസ്താന് പങ്കുണ്ടെന്ന് തെളിയിക്കാൻ കഴിയുന്ന തെളിവുകൾ ഇല്ലെന്ന് നേരത്തെ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രസ്താവന നടത്തിയിരുന്നു. ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ പാകിസ്താൻ പിന്തുണച്ചിരുന്നു എന്നുള്ളതിന് ഇന്ത്യയുടെ കയ്യിൽ ഒരു തെളിവുമില്ല എന്നായിരുന്നു ഷെഹ്ബാസ് ഷെരീഫ് അഭിപ്രായപ്പെട്ടത്.
അതേസമയം പാകിസ്താൻ ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പാക് പ്രതിരോധ മന്ത്രി സമ്മതിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടുകളായി അമേരിക്കയ്ക്കും ബ്രിട്ടൻ ഉൾപ്പെടെയുള്ള പാശ്ചാത്യലോകത്തിനും വേണ്ടി ഞങ്ങൾ ആ വൃത്തികെട്ട ജോലി ചെയ്തുവരുന്നു എന്നായിരുന്നു ഖ്വാജ ആസിഫ് സ്‌കൈ ന്യൂസ് അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നത്.
Discussion about this post