ന്യൂഡൽഹി : ഇന്ത്യയുടെ നാവിക വ്യോമശക്തി ചരിത്രപരമായ രീതിയിൽ ഏറ്റവും ശക്തമാക്കിക്കൊണ്ട് പുതിയൊരു കരാർ കൂടി ഒപ്പുവയ്ക്കുകയാണ് ഇന്ന് ഇന്ത്യ. പുതിയ 26 റഫാൽ മറൈൻ ജെറ്റുകൾ വാങ്ങുന്നതിനായി ഫ്രാൻസുമായി 63,000 കോടി രൂപയുടെ കരാറിൽ ആണ് ഇന്ന് രാജ്യം ഒപ്പുവയ്ക്കുന്നത്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെയും ഇന്ത്യയിലെ ഫ്രഞ്ച് എംബസിയുടെയും പ്രതിനിധികൾ ആണ് കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കുക.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രതിരോധ, തന്ത്രപരമായ ബന്ധങ്ങൾ മികച്ച വളർച്ച കൈവരിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഈ പുതിയ കരാർ. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം നിലവിലുള്ള മിഗ് -29 കെ യുദ്ധവിമാനങ്ങളുടെ പ്രകടനം മോശമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ആണ് ഇന്ത്യ പുതിയ യുദ്ധവിമാനങ്ങൾ വാങ്ങുന്നത്. നിലവിൽ സർവീസിലുള്ള ഐഎൻഎസ് വിക്രാന്തിൽ ആയിരിക്കും റഫാൽ യുദ്ധവിമാനങ്ങൾ വിന്യസിക്കുക.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കാരിയർ-ബോൺ ഫൈറ്റർ ജെറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ ഈ കാരിയർ-ബോൺ ഫൈറ്റർ വിമാനങ്ങൾ ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങൾക്ക് വലിയ സഹായം ആയിരിക്കും. 22 സിംഗിൾ-സീറ്റർ, 4 ട്വിൻ-സീറ്റർ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതാണ് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പുതിയ കരാർ. 2016 ൽ ഒപ്പുവച്ച ഒരു പ്രത്യേക കരാറിന് കീഴിൽ ഏറ്റെടുത്ത 36 റഫാൽ വിമാനങ്ങളുടെ ഒരു ഫ്ലീറ്റ് ഇന്ത്യൻ വ്യോമസേന നിലവിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിലെ മൊത്തം റഫാൽ ജെറ്റുകളുടെ എണ്ണം 62 ആയി ഉയരുന്നതാണ്.
Discussion about this post