മാഡ്രിഡ്: യൂറോപ്യൻ രാജ്യങ്ങളായ സ്‌പെയിനിലും പോർച്ചുഗലിലും ജനജീവിതം സ്തംഭിപ്പിച്ച് അപ്രതീക്ഷിത വൈദ്യുതി തകരാർ. പവർക്കട്ടുണ്ടായതോടെ ഇരുരാജ്യങ്ങളിലെയും മെട്രോ,റെയിൽ സർവീസുകളെയും പൊതു ഗതാഗതത്തെയും വിമാനസർവ്വീസുകളെയും ഇന്റർനെറ്റ് സേവനങ്ങളെയും ബാധിച്ചു.സംഭവത്തെ തുടർന്ന് സ്‌പെയിൻ, പോർച്ചുഗീസ് സർക്കാരുകൾ അടിയന്തര യോഗം ചേർന്നു. പോർച്ചുഗലിൽ വൈദ്യുതി വിതരണം സാധാരണ നിലയിലെത്തിക്കാൻ ഒരാഴ്ചയെങ്കിലും എടുക്കുമെന്ന് വൈദ്യുതി വിതരണ ശൃംഖലയായ റെൻ പറഞ്ഞു.
വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ പ്രാദേശിക കമ്പനികളുമായി ചേർന്ന് ശ്രമിച്ചു വരുകയാണെന്ന് സ്‌പെയിൻ വൈദ്യുതി വിതരണ ഓപ്പറേറ്ററായ റെഡ് ഇലക്ട്രിക്ക വ്യക്തമാക്കി. ആവശ്യമുള്ള പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ ബാധകമാക്കുമെന്ന് സ്‌പെയിൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇരുട്ടിൽ സുരക്ഷ ഉറപ്പാക്കാൻ 30,000 പോലീസുകാരെ രാജ്യത്തുടനീളം നിയോഗിച്ചു.
താപനിലയിലെ വ്യതിയാനം മൂലം സ്പാനിഷ് ഇലക്ട്രിക് ഗ്രിഡിലുണ്ടായ തകരാറാണ് പവർക്കട്ടിന് കാരണമെന്ന് പോർച്ചുഗലിലെ ഊർജ്ജ കമ്പനിയായ ആർ.ഇ.എൻ അറിയിച്ചു.
ഫ്രാൻസിലും വൈദ്യുതി തടസപ്പെട്ടെങ്കിലും കാര്യമായ പ്രശ്‌നങ്ങൾ സൃഷ്ടിച്ചില്ല. ഫ്രഞ്ച് ബാസ്‌ക് കൺട്രി മേഖലയെ മാത്രമാണ് പവർക്കട്ട് ബാധിച്ചത്. ഇവിടെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചെന്നും നിലവിൽ രാജ്യത്ത് പ്രശ്‌നങ്ങളില്ലെന്നും ഫ്രഞ്ച് ഗ്രിഡ് ഓപ്പറേറ്ററായ ആർ.ടി.ഇ അറിയിച്ചു.
Discussion about this post