തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസ് നഗരത്തിനടുത്തുള്ള ഷാഹിദ് രാജായി തുറമുഖത്ത് ശനിയാഴ്ചയുണ്ടായ വൻ സ്ഫോടനത്തിലും തീപിടുത്തത്തിലും നിരവധിപേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം ഇറാൻ ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. സ്ഫോടനത്തിന് ശേഷം ഏകദേശം 50 കിലോമീറ്റർ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. തീ ഇപ്പോഴും പൂർണ്ണമായും നിയന്ത്രണവിധേയമായിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.
എന്നാൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത, മിസൈൽ ഇന്ധനമായ സോഡിയം പെർക്ലോറേറ്റ് പൊട്ടിത്തെറിച്ചതാണ് ഈ അപകടത്തിന് കാരണമെന്ന് ഇറാൻ സൈന്യത്തിലെ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് അറിഞ്ഞതായി പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു..
ഷാഹിദ് രാജായി തുറമുഖം ഇറാനിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖമാണ്. ലോകത്തിലെ പ്രധാനപ്പെട്ട എണ്ണ വ്യാപാര മാർഗ്ഗമായ ഹോർമുസ് കടലിടുക്കിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഖത്തർ, യു എ ഇ തുടങ്ങിയ രാജ്യങ്ങളോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഈ തുറമുഖം ഇറാനെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപരമായതാണ്. ഈ സ്ഫോടനം അട്ടിമറിയാണെന്ന് ആദ്യം സംശയമുണ്ടായിരുന്നു.
ചൈനയിൽ നിന്ന് രണ്ട് കപ്പലുകളിലായി ഇറാനിലേക്ക് കൊണ്ടുവന്ന സോഡിയം പെർക്ലോറേറ്റ് ഉൾപ്പെടെയുള്ള മിസൈൽ ഇന്ധന രാസവസ്തുക്കളാണ് സ്ഫോടനത്തിന് കാരണമായത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. ഈ രാസവസ്തുക്കൾ തുറമുഖത്തിലെ സംഭരണ കേന്ദ്രത്തിലാണ് സൂക്ഷിച്ചിരുന്നത്. ഇറാനിയൻ അധികൃതർ ഈ സ്ഫോടനത്തിന് രാജ്യത്തിന്റെ പ്രതിരോധ മേഖലയുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും, സംഭവത്തിൻ്റെ ഗൗരവം പല സംശയങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഇറാനും അമേരിക്കയും തമ്മിൽ ഒമാനിൽ ആണവ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ സ്ഫോടനം നടന്നത് എന്നത് ശ്രദ്ധേയമാണ്.
ഈ സ്ഫോടനത്തിൻ്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ദാരുണമായിരിക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ഏറ്റവും പ്രധാനപ്പെട്ട തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടത് ഇപ്പോൾത്തന്നെ അപകടാവസ്ഥയിലായ ഇറാനിലെ സമ്പദ് വ്യവസ്ഥക്ക് വലിയ ആഖാതമാണ്. അന്താരാഷ്ട പെട്രോളിയം വ്യാപാരത്തിൻ്റെ മുഖ്യഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഈ സംഭവം അന്താരാഷ്ട്ര വ്യാപാരത്തെയും എണ്ണ വിപണിയെയും പ്രതികൂലമായി ബാധിക്കാം എന്നും റിപ്പോർട്ടുകളുണ്ട്.
ചൈനീസ് മിസൈൽ ഇന്ധനം കാരണമാണ് സ്ഫോടനമുണ്ടായതെന്ന് ഇറാൻ അധികൃതർ നിഷേധിച്ചിട്ടുണ്ട്. സൈനിക ആവശ്യത്തിനുള്ള ഒരു രാസവസ്തുവും ഈ തുറമുഖത്തിൽ ഇല്ലായിരുന്നു എന്ന് അധികൃതർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചകളാവാം സ്ഫോടനത്തിന് കാരണമെന്ന് ഇറാനിലെ ഔദ്യോഗിക മാദ്ധ്യമമായ മെഹർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post