പാകിസ്താനെതിരായ ഇന്ത്യയുടെ സൈനിക നടപടി ഉടനുണ്ടാകുമെന്ന് പാക് വാർത്താവിനിമയ മന്ത്രി അത്താവുള്ള തരാർ. 36 മണിക്കൂറിനുള്ളിൽ ഇന്ത്യൻ സൈനിക നടപടി ഉണ്ടാകുമെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ വിവരം ലഭിച്ചതായി അത്താവുള്ള തരാർ പറഞ്ഞു.ഇന്ത്യ ‘ജഡ്ജിയും ജ്യൂറിയും ആരാച്ചാരും’ കളിക്കുകയാണെന്നും പാകിസ്താന് അക്കാര്യം ഒരിക്കലും സ്വീകാര്യമല്ലെന്നും അത്താവുള്ള പറഞ്ഞു. പഹൽഗാം ഭീകരാക്രണത്തിൽ പാകിസ്താന് പങ്കുണ്ടെന്നുള്ള അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ഇന്ത്യ ആക്രമണത്തിന് മുതിരുന്നതെന്നും അത്താവുള്ള കൂട്ടിച്ചേർത്തു.
പാകിസ്താൻ ഭീകരതയുടെ ഇരയാണ്, ഈ വിപത്തിന്റെ വേദന ശരിക്കും മനസ്സിലാക്കുന്നു. ലോകത്തെവിടെയും അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ഞങ്ങൾ എപ്പോഴും അതിനെ അപലപിച്ചിട്ടുണ്ട്. സത്യാവസ്ഥ കണ്ടെത്തുന്നതിന് നിഷ്പക്ഷമായ ഒരു വിദഗ്ധസമിതിയുടെ സത്യസന്ധവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണത്തിന് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രമെന്ന നിലയിൽ പാകിസ്താൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാഷ്ട്രത്തിന്റെ പരമാധികാരത്തേയും പ്രാദേശിക അഖണ്ഡതയേയും സംരക്ഷിക്കാൻ പാകിസ്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ആവർത്തിച്ച അത്താവുള്ള ഇരുരാഷ്ട്രങ്ങളും തമ്മിലുണ്ടാകാനിരിക്കുന്ന സംഘർഷങ്ങളുടെ അനന്തരഫലത്തിന്റെ പൂർണഉത്തരവാദിത്വം ഇന്ത്യയ്ക്കായിരിക്കുമെന്നും ഇയാൾ വ്യക്തമാക്കി. ഇന്ത്യയുടെ പ്രത്യാക്രമണം ഭയന്ന് കുടുംബാംഗങ്ങളെ സുരക്ഷിതമാക്കുന്ന തിരക്കിലാണ് പാകിസ്താൻ മന്ത്രിമാർ. ബങ്കറുകളും സുരക്ഷാ ഉദ്യോഗസ്ഥരും ഇതിനായി ഒരുങ്ങിക്കഴിഞ്ഞു.
അതേസമയം പാകിസ്താന് തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി. ലക്ഷ്യവും സമയവും രീതിയും കരസേനയ്ക്ക് തീരുമാനിക്കാം. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.ഭീകരതയ്ക്ക് കനത്ത പ്രഹരം ഏൽപ്പിക്കുക എന്നത് നമ്മുടെ ദൃഢനിശ്ചയമാണെന്നും ഇന്ത്യൻ സൈന്യത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതിർത്തിയിൽ പാകിസ്താൻ തുടരുന്ന പ്രകോപനവും ഇന്ത്യൻ സേന നടത്തിയ തയ്യാറെടുപ്പും സേന മേധാവിമാർ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. യോഗത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആഭ്യന്തരമന്ത്രി അമിത് ഷായും എത്തി. ആർഎസ്എസ് തലവൻ മോഹൻ ഭഗവതും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
Discussion about this post