കൊച്ചി: അഭിഭാഷകൻ ബിഎ ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ഇന്നു രാവിലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒരു മണിക്ക് മരിച്ചു.
ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിഭാഗം വക്കീലായിരുന്നു ആളൂർ. കൂടത്തായി ജോളി കേസിലും ഇലന്തൂർ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു.
ഡോ. വന്ദന ദാസ് വധക്കേസിലെ പ്രതി സന്ദീപ്, ഇലന്തൂർ നരബലിക്കേസിലെ പ്രതികൾ, കുപ്രസിദ്ധ മോഷ്ടാവ് ദേവീന്ദർ സിങ് എന്ന ബണ്ടി ചോർ തുടങ്ങി കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കേരളം ചർച്ച ചെയ്ത ഒട്ടുമിക്ക കുറ്റകൃത്യങ്ങളിലും പ്രതികൾക്കായി ഹാജരായത് അഡ്വ. ആളൂരാണ്.












