ലഖ്‌നൗ : അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള വഴികളിൽ സ്ഥിതി ചെയ്യുന്ന മാംസ വില്പനശാലകളും മദ്യശാലകളും അടച്ചുപൂട്ടാൻ ഉത്തരവ്. രാംപഥിലെ ഒമ്പത് ഇറച്ചിക്കടകളും 13 മദ്യശാലകളും പ്രവർത്തനം സ്ഥിരമായി അവസാനിപ്പിക്കണം എന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ ഉത്തരവിട്ടിട്ടുള്ളത്. അയോധ്യ മുനിസിപ്പൽ കോർപ്പറേഷൻ പാസാക്കിയ പ്രമേയത്തെത്തുടർന്നാണ് ഈ തീരുമാനം.
അയോധ്യ മുനിസിപ്പൽ കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായാണ് അയോധ്യയിലെ മദ്യശാലകളും മാംസക്കടകളും നിരോധിക്കുന്ന പ്രമേയം അംഗീകരിച്ചത്. പ്രദേശത്തിന്റെ മതപരമായ പ്രാധാന്യത്തിന് അനുസൃതമായാണ് നിരോധനമെന്ന് മേയർ ഗിരീഷ് പതി ത്രിപാഠി പറഞ്ഞു. അതേസമയം
അയോധ്യയിൽ മദ്യവും മാംസവും വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയതിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തി.
സാദത്ഗഞ്ച് മുതൽ ലതാ മങ്കേഷ്കർ ചൗക്ക് വരെ നീളുന്ന 13 കിലോമീറ്റർ നീളമുള്ള രാംപഥ് കഴിഞ്ഞവർഷമാണ് നിർമ്മാണം പൂർത്തിയായത്. റോഡിന്റെ വീതി കൂട്ടലും സൗന്ദര്യവൽക്കരണവും ഉൾപ്പെടെ വലിയ തോതിലുള്ള പുനർവികസനമാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇവിടെ നടന്നിരുന്നത്. രാമക്ഷേത്രത്തിലേക്ക് നയിക്കുന്ന ശ്രീരാമ ജന്മഭൂമി പഥുമായും ശൃംഗർ ഘട്ടിനെ ഹനുമാൻ ഗർഹിയുമായി ബന്ധിപ്പിക്കുന്ന ഭക്തിപഥുമായും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ പുതിയ പാത നിർമ്മിച്ചിട്ടുള്ളത്. ശ്രീരാമന്റെ നാമം വഹിക്കുന്ന രാംപഥ് ആത്മീയ മഹത്വമുള്ളതാണ്. ഈ വഴിയിൽ മദ്യവും മാംസവും വിൽക്കാൻ അനുവദിക്കുന്നത് അതിന്റെ പവിത്രതയ്ക്ക് നിരക്കുന്നതല്ല എന്നാണ് അയോധ്യ മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കുന്നത്.
Discussion about this post