ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടി ഏത് നിമിഷവും ഏത് രൂപത്തിലും ഉണ്ടാവുമെന്ന ഭയത്താൽ നെട്ടോട്ടമോടുകയാണ് പാകിസ്താൻ. ഇതിനിടെ ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ വിമർശനങ്ങളും പാകിസ്താൻ ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ സിന്ധു നദിയിലെ വെള്ളം വഴിതിരിച്ചുവിടാനായി ഇന്ത്യ ഏതുതരം നിർമ്മിതിയുണ്ടാക്കിയാലും തകർക്കുമെന്ന ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് രംഗത്തെത്തിയിരിക്കുകയാണ്.
സിന്ധു തടത്തിൽ അണക്കെട്ടുകൾ നിർമ്മിക്കാൻ ഇന്ത്യ നീങ്ങിയാൽ പാകിസ്താന്റെ പ്രതികരണം എന്തായിരിക്കുമെന്ന ചോദ്യത്തിനാണ് ഖ്വാജയുടെ പ്രകോപനപരമായ മറുപടി. ഇന്ത്യ അങ്ങനെ ചെയ്യുന്നത് പാക്കിനെതിരായ ആക്രമണമായിരിക്കും. അവർ ഇത്തരത്തിലുള്ള ശ്രമം നടത്തിയാൽ പോലും പാകിസ്താൻ ആ നിർമ്മിതി നശിപ്പിക്കും. ഖ്വാജ ആസിഫ് പറഞ്ഞു.
പാകിസ്താന് വെള്ളം ഉറപ്പാക്കുന്ന സിന്ധു നദീജല കരാർ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ താത്കാലികമായി മരവിപ്പിച്ചിരുന്നു.സിന്ധു നദിയിൽ നിന്നും അതിന്റെ പോഷകനദികളിൽ നിന്നുമുള്ള വെള്ളത്തെയാണ് പാകിസ്താൻ കൃഷിക്കും കുടിവെള്ളത്തിനുമായി മുഖ്യമായി ആശ്രയിച്ചു വരുന്നത്. ഇന്ത്യയിൽ ഉത്ഭവിച്ച് പാകിസ്താനിലേക്ക് ഒഴുകുന്ന സിന്ധു നദിയിലെ ജലത്തിന്റെ ഉപയോഗത്തിൽ വലിയ വിട്ടുവീഴ്ചയാണ് ഇന്ത്യ കരാർ പ്രകാരം ചെയ്തിരുന്നത്.
പാകിസ്താനിലേക്ക് പ്രധാന കാർഷിക കേന്ദ്രമായ പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തുന്നതിൽ പ്രധാന പങ്ക് സിന്ധു നദീജല കരാറിലൂടെയാണ്. ജലലഭ്യത കുറയുന്ന നിലയുണ്ടായാൽ പഞ്ചാബിലെ കാർഷിക മേഖല പ്രതിസന്ധിയിലാകും. സാമ്പത്തിക വെല്ലുവിളികൾ ഇതിനോടകം രൂക്ഷമായ പാകിസ്താനിൽ ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാൽ സ്ഥിതി ഗുരുതരമാകും
Discussion about this post