ലഖ്‌നൗ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ അന്തിമ തീർപ്പുമായി അലഹബാദ് ഹൈക്കോടതി. വിഷയത്തിൽ കേന്ദ്രസർക്കാർ ആണ് തീരുമാനം എടുക്കേണ്ടത് എന്നാണ് കോടതി വ്യക്തമാക്കിയത്. രണ്ടു രാജ്യങ്ങളിലെ ഗവൺമെന്റുകൾ തമ്മിലുള്ള ആശയവിനിമയത്തിലൂടെയേ ഈ വിഷയത്തിൽ അന്തിമ തീരുമാനം സ്വീകരിക്കാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. കേന്ദ്ര സർക്കാർ അന്തിമ തീരുമാനത്തിലെത്തിയ ശേഷം ആ തീരുമാനത്തിൽ എതിർപ്പ് ഉണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാം എന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഹർജിക്കാരനോട് വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തിൽ കേന്ദ്രസർക്കാരിന് മാത്രമാണ് തീരുമാനം സ്വീകരിക്കാൻ കഴിയുക എന്നും കോടതി അറിയിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് എപ്പോൾ വേണമെങ്കിലും തീരുമാനം സ്വീകരിക്കാമെന്ന് കോടതി അറിയിച്ചു. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന് മുമ്പിൽ പ്രത്യേക സമയപരിധികൾ വയ്ക്കാൻ കഴിയില്ല എന്ന് ജസ്റ്റിസ് എ.ആർ. മസൂദി, ജസ്റ്റിസ് രാജീവ് സിങ് എന്നിവർ ഉൾപ്പെട്ട ലഖ്‌നൗ ബെഞ്ച് വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് യുണൈറ്റഡ് കിംഗ്ഡത്തിന്റെയും ഇന്ത്യയുടെയും ഇരട്ട പൗരത്വം ഉള്ളതിനാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 84(എ) പ്രകാരം തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ
വിഘ്‌നേഷ് ശിശിർ ആയിരുന്നു കോടതിയെ സമീപിച്ചിരുന്നത്.
Discussion about this post