ന്യൂഡൽഹി : മെയ് 7, 8 തീയതികളിൽ അന്താരാഷ്ട്ര അതിർത്തിയിൽ വ്യോമാഭ്യാസത്തിന് ഒരുങ്ങി ഇന്ത്യ. വലിയതോതിലുള്ള വ്യോമാഭ്യാസമാണ് രാജസ്ഥാനിലെ ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ ഇന്ത്യ നിശ്ചയിച്ചിട്ടുള്ളത്. രാജസ്ഥാന്റെ പടിഞ്ഞാറൻ അതിർത്തിയിൽ നടക്കുന്ന ഈ വ്യോമാഭ്യാസത്തിന് തയ്യാറാകാൻ ഇന്ത്യ നോട്ടാം പുറപ്പെടുവിച്ചിട്ടുണ്ട്.
ഒരു വിമാനം പറക്കുന്നതിന് മുമ്പ് പൈലറ്റുമാർക്ക് നൽകുന്ന രേഖാമൂലമുള്ള അറിയിപ്പാണ് നോട്ടാം. പറക്കലിന്റെ അവസ്ഥയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് അവരെ അറിയിക്കുന്നതാണിത്. ഇന്ത്യ ഇന്ന് വ്യോമസേന പൈലറ്റുമാർക്കായി പുറത്തിറക്കിയിരിക്കുന്ന നോട്ടാം അനുസരിച്ച്, മെയ് 7 ന് ഉച്ചകഴിഞ്ഞ് 3:30 ന് വ്യോമാഭ്യാസം ആരംഭിച്ച് മെയ് 8 ന് രാത്രി 9:30 വരെ തുടരുന്നതായിരിക്കും.
റഫാൽ, മിറാഷ് 2000, സുഖോയ് -30 എന്നിവയുൾപ്പെടെ എല്ലാ മുൻനിര വിമാനങ്ങളും ഈ വ്യോമാഭ്യാസത്തിൽ പങ്കെടുക്കും. ഇന്ത്യയുടെ പതിവ് പ്രവർത്തന സന്നദ്ധത പരിശീലനങ്ങളുടെ ഭാഗമാണ് ഈ വ്യോമാഭ്യാസം എന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിനു ശേഷമുള്ള ഇന്ത്യ-പാകിസ്താൻ സംഘർഷ സാഹചര്യത്തിൽ വലിയ പ്രാധാന്യമാണ് ഇന്ത്യയുടെ ഈ വ്യോമാഭ്യാസത്തിന് ഉള്ളത്.
Discussion about this post