ന്യൂഡൽഹി : ആർജെഡി നേതാവും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദിനെ പ്രോസിക്യൂട്ട് ചെയ്യാൻ രാഷ്ട്രപതി ദ്രൗപതി മുർമു വ്യാഴാഴ്ച അനുമതി നൽകി. റെയിൽവേ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.
2004-2009 കാലയളവിൽ ഇന്ത്യൻ റെയിൽവേയിൽ ഗ്രൂപ്പ് ഡി ഉദ്യോഗാർത്ഥികൾക്ക് ജോലി വാഗ്ദാനം ചെയ്ത് പകരം ഭൂമി കൈക്കൂലിയായി വാങ്ങി എന്നുള്ളതാണ് ലാലു പ്രസാദ് യാദവിനെതിരായ കുറ്റം. ഈ കേസിൽ ലാലു പ്രസാദ് യാദവിനും സഹായികൾക്കുമെതിരെ സമർപ്പിച്ച കുറ്റപത്രങ്ങൾ ഡൽഹിയിലെ പ്രത്യേക പിഎംഎൽഎ കോടതി സ്വീകരിച്ചു. ലാലു പ്രസാദ് യാദവിനെതിരെ ക്രിമിനൽ ശിക്ഷാ നിയമത്തിലെ സെക്ഷൻ 197(1) പ്രകാരം (ബിഎൻഎസ്എസ്, 2023 ലെ സെക്ഷൻ 218) പ്രോസിക്യൂട്ട് ചെയ്യാനാണ് രാഷ്ട്രപതി ഉത്തരവിട്ടിരിക്കുന്നത്.
2022 ൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ലാലു പ്രസാദ് യാദവിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി ആയിരിക്കെ കൈക്കൂലിയായി വാങ്ങിയ ഭൂമി എല്ലാം തന്നെ ലാലുപ്രസാദ് യാദവിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസിൽ അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post