പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകിയിരിക്കുകയാണ് പാകിസ്താൻ. ഇതോടെ ആശങ്കയിലായ പാകിസ്താൻ അതിർത്തിയിൽ പ്രകോപനവും ആരംഭിച്ചു. അതിർത്തി ഗ്രാമങ്ങൾ ലക്ഷ്യം വച്ചുള്ള മിസൈൽ ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യ ചെറുത്തതോടെ ഷെല്ലാക്രമണം കടുപ്പിച്ചിരിക്കുകയാണ് പാകിസ്താൻ. എന്നാൽ പാകിസ്താൻ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തിരിച്ചടികളാണ് ഇന്ത്യ തുടർന്നുകൊണ്ടിരിക്കുന്നത്. സംയുക്തസേനകൾ ഒരുമിച്ച് സംഘർഷം ആരംഭിച്ചതോടെ പതറിയിരിക്കുകയാണ് പാകിസ്താൻ.
ഇത് കൂടാതെ പാകിസ്താന് കടുത്ത സാമ്പത്തിക പ്രഹരമേൽപ്പിക്കാനുള്ള വഴികളും ഇന്ത്യ നോക്കുന്നുണ്ട്. ഐഎംഎഫ് സഹായം റദ്ദാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഐഎംഎഫിൻറെ ബോർഡ് യോഗം ഇന്ന് നടക്കാനിരിക്കെയാണ് ഇന്ത്യയുടെ നിർണായക നീക്കം. 10,000 കോടിയുടെ വായ്പ പാകിസ്താന് ലഭിക്കുന്നത് തടയാനും ശ്രമം തുടരുകയാണ്. ഇതിന് പുറമെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിൻറെ ഗ്രേ ലിസ്റ്റിൽ കൊണ്ടുവരാനും ഇന്ത്യ നീക്കം ആരംഭിച്ചു. ദുർബലമായ സമ്പദ്വ്യവസ്ഥയെ സ്ഥിരതയിലേക്ക് നയിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഐഎംഎഫിന്റേത് പോലുള്ള അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങൾ (ബെയിൽഔട്ട് പാക്കേജ്). ഇത്തരം സാമ്പത്തിക സഹായങ്ങൾ പഹൽഗാം അടക്കമുള്ള പാകിസ്താന്റെ ഭീകരവാദ പ്രവർത്തനങ്ങളെ പരോക്ഷമായി പിന്തുണയ്ക്കാൻ പ്രാപ്തമാക്കുന്നുണ്ടോ? എന്ന ചോദ്യം ഇതോടെ ഉയരും.
ഐഎംഎഫ് ഫണ്ടുകൾ നേരിട്ട് ഭീകരവാദത്തിനായി ഉപയോഗപ്പെടുത്തുന്നു എന്നല്ല ഇന്ത്യയുടെ വാദം. ഐഎംഎഫ് ഫണ്ട് നൽകുന്നത് ബാലൻസ് ഓഫ് പേമെന്റ് (ബിഒപി) ആയോ കാലാവസ്ഥ പ്രതിരോധ പ്രവർത്തനങ്ങൾക്കോ ആയാണ്. എന്നാൽ, ഈ ഫണ്ട് പാകിസ്താൻ നിലവിൽ നേരിടുന്ന സാമ്പത്തിക സമർദ്ധം ലഘൂകരിക്കും. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കായി പാകിസ്താൻ ഫണ്ട് വിനിയോഗിക്കും. ഇതാണ് വലിയ പ്രശ്‌നമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വിമർശിക്കുന്നത്.
യുദ്ധം ആസന്നമായാൽ വലിയ രീതിയിലുള്ള ചിലവാണ് ഇരുരാജ്യത്തിനും ഉണ്ടാവുക. പലഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് യുദ്ധ ചിലവ് വരുന്നതെന്നതിനാൽ കൃത്യമായൊരു സംഖ്യ പ്രവചിക്കുക എളുപ്പമല്ല. എന്നാൽ വിശകലനങ്ങൾ പ്രകാരം ഒരു ഹ്രസ്വകാല യുദ്ധം നടത്തുകയാണെങ്കിൽ ഇന്ത്യക്ക് പ്രതിദിനം 1,460 കോടി മുതൽ 5,000 കോടി രൂപ വരെ ചിലവ് വരുമെന്നാണ് ഫോറിൻ അഫയേഴ്സ് ഫോറം പറയുന്നത്. ദീർഘകാല യുദ്ധമാണെങ്കിൽ ചിലവ് ഇനിയും കൂടും. മാക്രോ ഇക്കണോമിക് ആഘാതങ്ങൾ കൂടി കണക്കാക്കിയാൽ പ്രതിദിനം 17.8 ബില്യൺ ഡോളറിലധികം (1.34 ലക്ഷം കോടി രൂപ) ഇന്ത്യയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാമെന്നാണ് കണക്കുകൾ.
ഇന്ത്യയെ നേരിടാൻ പാകിസ്താൻ ഇത്രത്തോളം ചെലവാക്കേണ്ടി വരുമെന്ന് തീർച്ച. എന്നാൽ സാമ്പത്തികമായും രാഷ്ട്രീയപരമായും ഏറെ പ്രതിസന്ധിയിലായ പാകിസ്താൻ യുദ്ധച്ചിലവുകൾക്കായി എവിടെ കൈനീട്ടുമെന്നാണ് ചോദ്യം. പ്രതിരോധബജറ്റ് 18 ശതമാനം കൂട്ടാൻ തീരുമാനിച്ച പാകിസ്താൻ ബാക്കി ചിലവുകൾക്കായി എവിടെ പോകുമെന്നത് സംശയമാണ്. ഇതിനകം തന്ന ബുദ്ധിമുട്ടുന്ന പാകിസ്ഥാന്റെ കറൻസി ഒരു ഡോളറിന് 285 രൂപയായി കുറയാൻ സാധ്യതയുണ്ട്.








