ഇസ്ലാമാബാദ്: ഇന്ത്യയെ ആക്രമിക്കാനുള്ള ശ്രമങ്ങളെല്ലാം ഒരോന്നായി പാളിയതോടെ മുഖം രക്ഷിക്കാൻ പുതുവഴികൾ തേടി പാകിസ്താൻ. ശത്രുക്കൾ വരുത്തിയ കനത്ത നാശനഷ്ടം’ മൂലം കൂടുതൽ പണം ആവശ്യമാണെന്ന് പാകിസ്താൻ സർക്കാരിന്റെ സാമ്പത്തിക കാര്യ വിഭാഗം അഭ്യർത്ഥിച്ചിരിക്കുകയാണ്.
സംഘർഷങ്ങൾക്കും ഓഹരി വിപണി തകർച്ചയ്ക്കും ഇടയിൽ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാൻ രാജ്യാന്തര പങ്കാളികൾ സഹായിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു.’പാകിസ്താൻ സാമ്പത്തിക കാര്യ വിഭാഗം എക്സ് പോസ്റ്റിൽ പറഞ്ഞു. എന്നാൽ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടിട്ടില്ലെന്നും അക്കൗണ്ട് ഹാക്ക് ആയതാണെന്നും വിശദീകരിച്ച് സാമ്പത്തിക കാര്യ വിഭാഗം പിന്നീട് രംഗത്തെത്തി.
അതേസമയം ഐഎംഎഫ് പാകിസ്താന് നൽകുന്ന ധനസഹായം നിർത്തലാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുമെന്നാണ് വിവരം.യോഗത്തിൽ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ രാജ്യത്തിന്റെ നിലപാട് മുന്നോട്ടുവയ്ക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ദുർബലമായ സമ്പദ്വ്യവസ്ഥയെ സ്ഥിരതയിലേക്ക് നയിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഐഎംഎഫിന്റേത് പോലുള്ള അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങൾ (ബെയിൽഔട്ട് പാക്കേജ്). ഇത്തരം സാമ്പത്തിക സഹായങ്ങൾ പഹൽഗാം അടക്കമുള്ള പാകിസ്താന്റെ ഭീകരവാദ പ്രവർത്തനങ്ങളെ പരോക്ഷമായി പിന്തുണയ്ക്കാൻ പ്രാപ്തമാക്കുന്നുണ്ടോ? എന്ന ചോദ്യം ഇതോടെ ഉയരും.
ഐഎംഎഫ് ഫണ്ടുകൾ നേരിട്ട് ഭീകരവാദത്തിനായി ഉപയോഗപ്പെടുത്തുന്നു എന്നല്ല ഇന്ത്യയുടെ വാദം. ഐഎംഎഫ് ഫണ്ട് നൽകുന്നത് ബാലൻസ് ഓഫ് പേമെന്റ് (ബിഒപി) ആയോ കാലാവസ്ഥ പ്രതിരോധ പ്രവർത്തനങ്ങൾക്കോ ആയാണ്. എന്നാൽ, ഈ ഫണ്ട് പാകിസ്താൻ നിലവിൽ നേരിടുന്ന സാമ്പത്തിക സമർദ്ധം ലഘൂകരിക്കും. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കായി പാകിസ്താൻ ഫണ്ട് വിനിയോഗിക്കും. ഇതാണ് വലിയ പ്രശ്നമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വിമർശിക്കുന്നത്.
Discussion about this post