സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ എന്നതിൽ ഉപരി,സാമൂഹിക വിഷയങ്ങളിൽ വ്യക്തമായ നിലപാട് തുറന്നുപറയുന്ന ആളാണ് എൻ പ്രശാന്ത്. ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ സോഷ്യൽമീഡിയയിൽ ഉയരുന്ന അനാവശ്യ ചർച്ചകളെയും വിമർശനങ്ങളെയും ചൂണ്ടിക്കാണിക്കുകയാണ് എൻ പ്രശാന്ത്. ഈ യുദ്ധസമാനമായ സാഹചര്യത്തിലും ബുദ്ധിജീവി ചമയാനും വ്യത്യസ്തമായി എന്തെങ്കിസും പറഞ്ഞെന്ന് വരുത്താനും ചിലരെങ്കിലും കാട്ടിക്കൂന്നത് കാണുമ്പോൾ കഷ്ടം തോന്നുവെന്ന് അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
യുദ്ധത്തിന്റെ ശൗര്യവും, ത്യാഗവും, വേദനകളും നിറഞ്ഞ കഥകൾ കേട്ട് വളർന്ന ബാല്യകാലമാണെനിക്ക് – അപ്പൂപ്പന്മാർ രണ്ടാളും പട്ടാളക്കാരായിരുന്നു. അച്ഛന്റെ അച്ഛൻ ശ്രീ. കുഞ്ഞിരാമൻ നായർ നേരത്തെ അന്തരിച്ചു. അമ്മയുടെ അച്ഛൻ, റിട്ട. ക്യാപ്റ്റൻ ശങ്കരൻ നായർ, ഷെല്ല് കൊണ്ട പരിക്കുകൾ തടവി പറഞ്ഞ് കേട്ട യുദ്ധകഥളിലൊക്കെ അഭിമാനത്തോടെ എടുത്ത് പറയുമായിരുന്ന ഒന്നുണ്ട് – യുദ്ധസമയത്തെ ഭാരതീയരുടെ ഐക്യം. ഹിന്ദുവെന്നോ മുസ്ലീമെന്നോ കൃസ്ത്യാനിയെന്നോ സിക്ക് എന്നോ ഭേദമില്ലാത്തതാണ് ഇന്ത്യൻ സൈന്യം. നമ്മളിൽ ഒരാളെ തൊട്ടാൽ നമ്മൾ ഒരുമിച്ച് നിന്ന് തിരിച്ചടിക്കുന്നതിന്റെ രോമാഞ്ചപ്പെടുത്തുന്ന സത്യകഥകൾ.. അതേ സമയം ഒരു പട്ടാളക്കാരനും യുദ്ധം ആഗ്രഹിക്കാറുമില്ല.
ഇനി ഒരു കാര്യം പറയട്ടെ. ഈ യുദ്ധസമാനമായ സാഹചര്യത്തിലും ബുദ്ധിജീവി ചമയാനും, വ്യത്യസ്തമായി എന്തെങ്കിലും പറഞ്ഞെന്ന് വരുത്താനും ചിലരെങ്കിലും കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു. ജാതിയും മതവും സിന്ദൂരത്തിന്റെ ബിംബവും.. എന്തൊക്കെ വിവരക്കേടുകൾ! ഐക്യം തകർക്കുന്ന കുത്തിത്തിരിപ്പുകൾ… ദേശവിരുദ്ധ ലൈൻ എടുത്തിട്ടാണെങ്കിലും ഒരൽപം ശ്രദ്ധ പിടിച്ച് പറ്റാം എന്നാണെങ്കിൽ വളരെ കഷ്ടം എന്നേ പറയാനുള്ളൂ. രാഷ്ട്രം എന്നതും രാജ്യസ്നേഹമെന്നതും സാമൂഹിക സത്യങ്ങളാണ്. അവനവന്റെ നിലനിൽപും അസ്തിത്വവും ഭാരതീയൻ എന്ന ഒരു വാക്കിലാണെന്ന് ആദ്യം മനസ്സിലാക്കണം, വല്ലാതെ തലമറന്ന് എണ്ണ തേക്കരുത്. കേരളത്തിൽ, നമ്മുടെ കണ്മുന്നിലുള്ള അനീതികളെക്കുറിച്ച് ശബ്ദിക്കാൻ മടിയുള്ളവർ, ശത്രുരാജ്യത്തിന് നീതി ഉറപ്പാക്കാൻ വെമ്പൽ കൊള്ളുന്നത് അത്ര വെടിപ്പല്ല. സംഘർഷം നടക്കുന്ന സമയത്ത് പാലിക്കേണ്ട മിനിമം മര്യാദയാണ് രാജ്യത്തിന്റെ നേതൃത്വത്തെ ശക്തിപ്പെടുത്തുക എന്നത്. ഒത്തൊരുമ കാത്ത് സൂക്ഷിക്കുക എന്നത്.ഈ സമയത്ത് തിരുവാ തുറക്കാൻ തീരുമാനിക്കുന്ന ബുദ്ധിജീവികളും രാഷ്ട്രീയ നേതാക്കളും കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കണം. ഇന്ത്യയുടെ നാനാഭാഗത്ത് മാന്യമായി ജോലി ചെയ്ത് ജീവിക്കാനായി നാടുവിട്ട മലയാളികളുണ്ട് . നിങ്ങളുടെ വിടുവായത്തം കൊണ്ട് അവർക്ക് നാണക്കേടുണ്ടാക്കരുത്. ഈ പോരാട്ടത്തിൽ എത്രയോ മലയാളി സൈനികരും ഉൾപ്പെട്ടിട്ടുണ്ട്. അവരെ അവഹേളിക്കരുത്.
സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്യാനും, യുദ്ധ സംബന്ധമായ തീരുമാനങ്ങളെടുക്കാനും, വിവരങ്ങൾ യഥാസമയം വേണ്ട രീതിയിൽ മാത്രം വെളിപ്പെടുത്താനും, തീരുമാനങ്ങൾ അച്ചടക്കത്തോടെ നടപ്പിലാക്കാനും കഴിവുള്ള സംവിധാനങ്ങൾ ഭാരത സർക്കാറിനുണ്ട്. ചാനൽ ചർച്ചയും കവലപ്രസംഗവും പോലല്ല ഈ പണി. അറിയാത്ത കാര്യങ്ങളിൽ ആധികാരികമായി അഭിപ്രായം വിളമ്പാൻ പറ്റിയ സമയമല്ല ഇതെന്ന് നമ്മൾ ദയവായി മനസ്സിലാക്കണം.
കേരളം ഭാരതത്തിന്റെ വളരെ ചെറിയൊരു ഭാഗമാണ്. എന്നാൽ ഒരർത്ഥത്തിൽ നോക്കിയാൽ ഭാരതത്തിന്റെ ആത്മീയ തേജസ്സ് ഇവിടെ നിന്ന് ഉദ്ഭവിച്ച ചരിത്രമാണുള്ളത്. ഇന്ന് ലോകം ഭാരതത്തെ ഉറ്റുനോക്കുകയാണ്. ഇതിനിടയിൽ കോമാളികളാവാതിരിക്കാൻ നമുക്ക് ശ്രമിക്കാം. ഈ ഒരവസരത്തിൽ, രാജ്യത്തിന് ഉപകാരപ്പെടുന്ന പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനറിയില്ലെങ്കിൽ മൗനം പാലിക്കുകയെങ്കിലുമാവാം.
Discussion about this post