ഇസ്ലാമാബാദ് : മദ്രസകളിലെ വിദ്യാർത്ഥികൾ പാകിസ്താന്റെ രണ്ടാം പ്രതിരോധ നിരയാണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ആവശ്യം വന്നാൽ മദ്രസകളിലെ കുട്ടികളെയും യുദ്ധത്തിൽ ഉപയോഗിക്കുമെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി. പാകിസ്താൻ പാർലമെന്റ് സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.
ഇന്ത്യൻ ഡ്രോൺ ആക്രമണങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ തന്റെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ശ്രമങ്ങളായിരുന്നു ഇന്ന് പാകിസ്താൻ പാർലമെന്റിൽ ഖ്വാജ ആസിഫ് നടത്തിയത്. പാകിസ്താനിലെ തന്ത്രപ്രധാന സ്ഥലങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇന്ത്യ ആക്രമണത്തിലൂടെ നടത്തിയത് എന്ന് പ്രതിരോധ മന്ത്രി പാർലമെന്റൽ പറഞ്ഞു. എന്നാൽ ഇന്ത്യയ്ക്ക് തങ്ങളുടെ ഒരു സ്ഥലവും രഹസ്യവും കണ്ടെത്താൻ കഴിഞ്ഞില്ല എന്നും ഖ്വാജ ആസിഫ് ഇന്ന് പാർലമെന്റിൽ വീരവാദം മുഴക്കി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തുടങ്ങിയപ്പോൾ മുതൽ വിവാദ പ്രസ്താവനകളാണ് പാകിസ്താൻ പ്രതിരോധമന്ത്രി നടത്തുന്നത്. പാകിസ്താൻ ഭീകരർക്ക് അഭയം നൽകുന്നുണ്ടെന്ന് ലോകത്തിനു മുൻപിൽ സമ്മതിച്ചതും ഇത്തരത്തിൽ വിവാദമായ ഒരു വിഷയമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മദ്രസ വിദ്യാർത്ഥികളെ യുദ്ധത്തിന് ഉപയോഗിക്കുമെന്ന ഖ്വാജ ആസിഫിന്റെ പ്രസ്താവന.
Discussion about this post